30 വർഷം മുമ്പ് മരിച്ച മകൾക്ക് പ്രേതവിവാഹത്തിന് വരനെ തേടി കുടുംബം

ബെംഗളൂരു: കർണാടകയിൽ 30 വർഷം മുമ്പ് മരിച്ച മകൾക്ക് പ്രേതവിവാഹത്തിന് വരനെ തേടി കുടുംബം. വരനെ തേടി പത്രത്തിലാണ് കുടുംബം പരസ്യം നൽകിയത്. തുളുനാട് തീരദേശ ജില്ലകളിലെ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് പുത്തൂരിൽ നിന്നുള്ള ഒരു കുടുംബം തങ്ങളുടെ മരിച്ചുപോയ മകൾക്ക് വേണ്ടി, മരണപ്പെട്ട വരനെ തേടുന്നത്.
കുലാൽ ജാതിയിലെ ബംഗേരയിൽ (ഗോത്രത്തിൽ നിന്നും) ഉൾപ്പെട്ട ഒരു പെൺകുട്ടിക്ക് അനുയോജ്യനായ വരനെ തേടുന്നു. പെൺ കുട്ടി ഏകദേശം 30 വർഷം മുമ്പ് മരിച്ചു. ഈ കാലയളവിൽ മരണപ്പെട്ട അതേ ജാതിയിൽ നിന്നുള്ള ഒരു ആൺകുട്ടിയുമായി “പ്രേത മദുവേ” അല്ലെങ്കിൽ ആത്മാക്കൾ തമ്മിലുള്ള വിവാഹം എന്ന പരമ്പരാഗത ചടങ്ങ് നടത്താൻ കുടുംബം തയ്യാറാണ് എന്നായിരുന്നു പരസ്യം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് പത്രപരസ്യം നൽകിയത്. പത്രത്തിൽ പരസ്യം ചെയ്തതിനു ശേഷം 50 ഓളം ആളുകൾ ബന്ധപ്പെട്ടിരുന്നു. ആചാരം നടത്തുന്ന തീയതി ഉടൻ തീരുമാനിക്കും. അഞ്ച് വർഷമായി ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിന് അനുയോജ്യമായ പൊരുത്തം കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നും കുടുംബം പറഞ്ഞു.