സ്ത്രീവിരുദ്ധ പരാമര്‍ശം; ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ആര്‍എംപി നേതാവ് കെ.എസ് ഹരിഹരന്‍റെ മൊഴിയെടുത്തു. രാവിലെ വടകര സ്റ്റേഷനിലെത്തിയ ഹരിഹരന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. പ്രസംഗത്തിലെ പരാമർശങ്ങളെ കുറിച്ച് പോലീസ് ചോദിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പ്രസംഗത്തില്‍ ഖേദം പ്രേകടിപ്പിച്ചതാണെന്ന് ഹരിഹരന്‍ പറഞ്ഞു.
ഇനി ഹാജരാകാൻ പറഞ്ഞില്ല. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. കേരളത്തില്‍ പലരും പ്രസംഗിച്ചിട്ടുണ്ട്. അതിന്‍റേ പേരില്‍ കേസെടുക്കുന്നതില്‍ അര്‍ത്ഥമില്ല. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. വ്യക്തികളുടെ പേര് പറയുന്നതില്‍ തെറ്റില്ല. വടകരയിലെ പ്രസംഗത്തിലെ പരാമര്‍ശം രാഷ്ട്രീയമായി യോജിക്കുന്ന പ്രയോഗം ആയിരുന്നില്ല. എന്നാല്‍ നിയമപരമായി തെറ്റല്ല എന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് നേരെ ആക്രമണം ഉണ്ടായിട്ട് ഇനിയും നടപടി ആയിട്ടില്ല. വീടിനു നേരെ ഉണ്ടായ ബോംബ് എറില്‍ ആരെയും ഇതുവരെ പിടിച്ചിട്ടില്ല. എന്തുകൊണ്ട് പ്രതികളെ പിടികൂടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. വടകരയില്‍ യുഡിഎഫ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്‍റെ വിവാദപരാമര്‍ശം. ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോയെന്നും ഒരു നടിയുടെ പേര് പറഞ്ഞ ശേഷം അവരുടെ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാക്കാമെന്നുമായിരുന്നു പരാമര്‍ശം.