കനത്ത ചൂടില്‍ പരിശീലനം; ഡല്‍ഹിയില്‍ മലയാളി പോലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റ് മരിച്ചു

ഡല്‍ഹിയിലെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗർ ഹസ്‌ത്സാലില്‍ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡല്‍ഹി പോലീസില്‍ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറാണ്.
വസീറാബാദ് പോലീസ് ട്രെയിനിങ് സെന്ററില്‍ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെ തളർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അവിടെ വച്ചാണ് മരണം സംഭവിച്ചത്.
അതേസമയം ഡല്‍ഹിയില്‍ കനത്ത ചൂടു കാരണം റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനില 49.9 ഡിഗ്രി സെല്‍ഷ്യസ് വരെയെത്തി. ഡല്‍ഹിയിലെ മുങ്കേഷ്പുർ, നരേല തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ ഉയർന്ന താപനില 49.9 രേഖപ്പെടുത്തി.