പന്ത്രണ്ടുകാരിയുടെ വയറ്റിൽ ദ്വാരം; ലിക്വിഡ് നൈട്രജൻ കലർന്ന പാൻ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ഹോട്ടൽസ് അസോസിയേഷൻ

ബെംഗളൂരു: ലിക്വിഡ് നൈട്രജൻ കലർന്ന പാൻ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ (ബിബിഎച്ച്എ). അടുത്തിടെ നഗരത്തിൽ നടന്ന വിവാഹ സത്കാരത്തിൽ നൈട്രജൻ കലർന്ന പാൻ കഴിച്ച് പന്ത്രണ്ടുകാരിക്ക് വയറ്റിൽ ദ്വാരം ഉണ്ടായതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ ദിവസം നഗരത്തിലെ എല്ലാ ഹോട്ടലുടമകളുടെയും യോഗം ചേരുകയും ലിക്വിഡ് നൈട്രജൻ അടങ്ങിയ പാനുകൾ നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തതായി അസോസിയേഷൻ അംഗങ്ങൾ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഫെഡറേഷൻ ഓഫ് കർണാടക ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിക്കും (എഫ്‌കെസിസിഐ) അസോസിയേഷൻ കത്തെഴുതിയിട്ടുണ്ട്. ഹോട്ടൽ ഭക്ഷണങ്ങളിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കണമെന്ന് ബിബിഎംപിയോടും അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ നടപടിയെടുക്കാൻ എഫ്‌കെസിസിഐയോടും ഹോട്ടൽ ഉടമകളുടെ അസോസിയേഷനോടും അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി വീരേന്ദ്ര എൻ. കാമത്ത് പറഞ്ഞു.
കൂടാതെ, സ്മോക്കി പാനിൽ ലിക്വിഡ് നൈട്രജൻ ഉപയോഗിക്കരുതെന്ന് എല്ലാ ഹോട്ടലുകൾക്കും പാൻ സ്റ്റാളുകൾക്കും അസോസിയേഷൻ നിർദേശം നൽകിയിട്ടുണ്ട്. വിൽപന തുടർന്നാൽ അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കാൻ ബിബിഎംപിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.