ബംഗാളില്‍ ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു

കൊൽക്കത്ത: ബംഗാളില്‍ ബിജെപിക്ക് തിരിച്ചടി. ബിജെപി നേതാവും സിറ്റിങ് എംപിയുമായ കുനാർ ഹെംബ്രാം പാർട്ടി വിട്ട് ഭരണകക്ഷിയായ തൃണമൂലിൽ ചേർന്നു. പശ്ചിമ ബംഗാളിലെ ജാർഗ്രാം സീറ്റിൽ നിന്നുള്ള നേതാവാണ് കുനാർ. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പങ്കെടുത്ത റാലിയിലാണ് കുനാര്‍ തൃണമൂലിന്റെ ഭാഗമായത്. കുനാറിനെ അഭിഷേക് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
”ബിജെപി ആദിവാസി വിരുദ്ധ പാർട്ടിയാണ്. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല” തൃണമൂൽ കോൺഗ്രസ് റാലിയിൽ പങ്കെടുക്കവേ കുനാർ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ബങ്കുര ജില്ലയിലെ ബിഷ്ണുപുരിലെ റാലിയിൽ പങ്കെടുക്കവേയാണ് കുനാർ ഹെംബ്രാം ബിജെപി വിട്ട് തൃണമൂലിൽ ചേർന്നത്. രണ്ട് ദിവസത്തെ പര്യടനത്തിനായാണ് മോദി ഞായറാഴ്ച ബംഗാളിലെത്തിയത്.
ജാർഗ്രാം ഉൾപ്പെടെ ബംഗാളിലെ ഏഴു സീറ്റുകളിലേക്ക് ആറാം ഘട്ടമായ മെയ് 25നാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം കുനാർ ബിജെപിയിൽ നിന്നോ ലോക്സഭയിൽ നിന്നോ ഔദ്യോഗികമായി രാജിവെച്ചിട്ടില്ല. ഇത്തവണ ഇദ്ദേഹത്തിന് ബിജെപി സീറ്റ് നൽകിയിരുന്നില്ല.