10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസ്: പ്രതിയെ തെളിവെടുപ്പിന് എത്തിച്ചു

കാഞ്ഞങ്ങാട് പടന്നക്കാട് പീഡനക്കേസ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. പ്രതി പി.എ സലീമിനെ പെണ്‍കുട്ടിയുടെ വീടിന് സമീപമാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ചുറ്റും തടിച്ചുകൂടിയ പ്രദേശവാസികള്‍ പ്രതി സലീമിനെ കണ്ട് അക്രമാസക്തരായി. സലീമിനെ മുഖംമൂടി അണിയിച്ചാണ് തെളിവെടുപ്പിനായി എത്തിച്ചത്.
മുഖംമൂടി നീക്കണമെന്ന് ആക്രോശിച്ചുകൊണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. നാടിനെ നടുക്കിയ പീഡനം നടന്ന് അഞ്ചാം ദിവസമാണ് പ്രതി സലീമിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. വർഷങ്ങളായി കാഞ്ഞങ്ങാട്ടെ പെണ്‍കുട്ടിയുടെ വീടിനടുത്ത് ഇയാള്‍ സ്ഥിരതാമസക്കാരനായിരുന്നു.
സംഭവം നടന്ന പതിനഞ്ചാം തീയതിക്ക് ശേഷം പ്രതി വീട്ടില്‍ നിന്ന് മാറിയത് അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തി. പ്രതിയുടെ മുഖം വ്യക്തമാകുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാള്‍ രണ്ട് വർഷം മുമ്പ് മേല്‍പ്പറമ്പ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത മറ്റൊരു പോക്‌സോ കേസിലും പ്രതിയാണ്.
കുടകില്‍ മാല മോഷണ കേസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങള്‍ കവർന്നശേഷം വീടിനടുത്തുള്ള പറമ്പിൽ ഉപേക്ഷിച്ചത്.