കെജ്രിവാൾ പുറത്തിറങ്ങി; ആഘോഷമാക്കി പ്രവർത്തകർ

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ച അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്നും മോചിതനായി. തീഹാർ ജയിലിലെ നാലാം നമ്പർ ഗേറ്റിലൂടെയാണ് കെജ്രിവാൾ പുറത്തേക്കിറങ്ങിയത്. ജയിൽപരിസരത്ത് സംഘടിച്ച ആം ആദ്മി പ്രവർത്തകരെ അഭിസംബോധന ചെയ്ത അദ്ദേഹം, ഏകാധിപത്യത്തിനെതിരേ പോരാടുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മാധ്യമങ്ങളെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
കഴിയുന്നത്ര പെട്ടെന്ന് തിരികെ വരുമെന്ന് ഞാൻ നിങ്ങള്‍ക്ക് വാക്കുതന്നതാണ്, ഇതാ ഞാൻ ഇവിടെ. ഇത്രയും വലിയൊരു ജനക്കൂട്ടം എന്നെ സ്വീകരിക്കാനെത്തിയതിൽ ഞാൻ എല്ലാവരോടും നന്ദി പറയുന്നു. ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതിയോടും നന്ദി അറിയിക്കുന്നു. ഈ രാജ്യത്തെ സ്വേച്ഛാധിപത്യത്തിൽ നിന്നും രക്ഷിക്കാൻ എനിക്ക് നിങ്ങളുടെ എല്ലാവരുടേയും സഹായം വേണം. ജനാധിപത്യത്തെ വീണ്ടെടുക്കാനുള്ള എന്റെ പോരാട്ടം ഞാൻ തുടരുകയാണ് – ജയിൽ മോചിതനായതിന് പിന്നാലെ കെജ്രിവാൾ പ്രവർത്തകരോടായി പറഞ്ഞു.
#WATCH | Delhi CM Arvind Kejriwal addresses party workers after being released from Tihar jail.
CM Kejriwal says, “Tomorrow at 11 am we will go to the Hanuman Temple at Connaught Place and at 1 pm, we will address a press conference at the party office.”
The Supreme Court… pic.twitter.com/76ij5KZ4iw
— ANI (@ANI) May 10, 2024
ഇന്ന് രാവിലെയാണ് സുപ്രീം കോടതി കെജ്രിവാളിന് ജൂണ്‍ ഒന്നു വരെ ഇടക്കാല ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. ആദ്യം ഇ.ഡി കസ്റ്റഡിയിലായിരുന്ന അദ്ദേഹത്തെ വിചാരണ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കെജ്രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു ഇന്നത്തെ കോടതി വിധി.
VIDEO | Delhi CM Arvind Kejriwal (@ArvindKejriwal) addresses party workers and locals after walking out of Tihar Jail on interim bail.
“It feels good to be amongst you all. I had promised to come back soon and here I am.” pic.twitter.com/WKCAT5Qb4X
— Press Trust of India (@PTI_News) May 10, 2024
ഇടക്കാല ജാമ്യം അനുവദിച്ചാലും ഭരണപരമായ ചുമതലകള്‍ നിര്‍വഹിക്കരുത് എന്ന് നേരത്തെ കേസ് പരിഗണിക്കവെ ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് കെജ്രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുക മൗലികാവകാശമല്ലെന്ന് ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യത്തെ ഇഡി ശക്തമായി എതിര്‍ത്തിരുന്നു. ഇടക്കാല ജാമ്യം നല്‍കുന്നത് തടയാനായി ഇന്ന് രാവിലെതന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരവിന്ദ് കെജ്രിവാളിനെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു.
ഇടക്കാല ജാമ്യം നല്‍കിയാല്‍ തിരഞ്ഞെടുപ്പിന്റെ പേരില്‍ അന്വേഷണത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ രാഷ്ട്രീയക്കാര്‍ക്ക് സാഹചര്യമൊരുക്കുകയാണ് ചെയ്യുന്നതെന്നും ഇഡി വാദം ഉന്നയിച്ചിരുന്നു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇടക്കാല ജാമ്യത്തില്‍ തീരുമാനമെടുത്തത്. ഇഡിയുടെ പലവാദങ്ങളും തള്ളിയാണ് ഇപ്പോള്‍ കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.