കെഎസ്‌ആര്‍ടിസി ബസില്‍ ഭാര്യയുമായി വഴക്ക്; ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു

കെഎസ്‌ആർടിസി ബസില്‍ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് ജനലിലൂടെ റോഡിലേക്ക് ചാടിയ യുവാവിന്റെ കാലൊടിഞ്ഞു. സാരമായി പരിക്കേറ്റ വൈക്കം ഇടയാഴം സ്വദേശിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസില്‍ നാട്ടകത്തിന് സമീപമാണ് സംഭവം. ചങ്ങനാശ്ശേരിമുതല്‍ ഇയാളും ഭാര്യയും തമ്മില്‍ വാക്കുതർക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. നാട്ടകം മറിയപ്പള്ളി ഭാഗം എത്തിയപ്പോള്‍ ബസിനുള്ളില്‍നിന്ന് ഇറങ്ങണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കെഎസ്‌ആർടിസി സ്റ്റാൻഡില്‍ ഇറക്കാമെന്ന് ബസ് ജീവനക്കാർ അറിയിച്ചു. ഇതിനിടെ ഇയാള്‍ ബസിന്റെ ജനലിലൂടെ റോഡിലേക്ക് ചാടുകയായിരുന്നു. ഡ്രൈവർ ബസ് നിർത്തി. 108 ആംബുലൻസ് വിളിച്ചുവരുത്തി ഭാര്യ തന്നെയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.