കടയിലേക്ക് ബസ് ഇടിച്ചുകയറി 10 പേര്‍ക്ക് പരുക്ക്; ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസാണ് അപകടത്തില്‍പ്പെട്ടത്

കൊടുവള്ളിയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി അപകടം. ഒരു കുട്ടിയും ബസ് ഡ്രൈവറും ഉള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാരായ അപ്പുക്കുട്ടി, മഞ്ജുഷ നെടുമല, ഹുസൈന്‍കുട്ടി എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരുക്കേറ്റ 10 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്രസ ബസാറിലാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപ്പർ ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
കോണ്‍ക്രീറ്റ് ബീം തകർത്ത് ബസ് കടക്കുള്ളില്‍ ഇടിച്ചുകയറുകയായിരുന്നു. ബസ്സിനുള്ളില്‍ കുടുങ്ങിയ ഒരാളെ ഫയർഫോഴ്സ് എത്തിയാണ് പുറത്ത് എത്തിച്ചത്. രണ്ട് ഇരുചക്രവാഹനങ്ങള്‍ ബസിന്‍റെ അടിയില്‍പ്പെട്ടു.