പതിനാറുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയിൽ

ബെംഗളൂരു: വിവാഹത്തില്‍ നിന്ന് പിന്‍മാറിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തലയറുത്ത് കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍. പ്രകാശിനെയാണ് (32) മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടക് സ്വദേശിയായ ഇയാൾ 16കാരിയെയാണ് കഴിഞ്ഞ ദിവസം അതിദാരുണമായി കൊലപ്പെടുത്തിയത്. കുടകിലെ മുട്‌ലു സ്വദേശിനിയായ പെണ്‍കുട്ടിയെ കൊന്ന് ഇയാള്‍ കുട്ടിയുടെ തലയുമായി രക്ഷപ്പെടുകയായിരുന്നു. പ്രതിയും പെണ്‍കുട്ടിയുമായുള്ള വിവാഹ നിശ്ചയ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയായത് കൊണ്ട് ഇവരുടെ വീട്ടിലേക്ക് വനിതാ ശിശുവികസന ഉദ്യോഗസ്ഥര്‍ എത്തി എല്ലാ ചടങ്ങുകളും തടഞ്ഞിരുന്നു.
ബാലവിവാഹം നിയമപരമായി തെറ്റാണെന്ന് ഉദ്യോഗസ്ഥർ മാതാപിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്. ഇതോടെ രോഷാകുലനായ യുവാവ് രാത്രിയോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ പരുക്കേല്‍പ്പിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ തലയില്ലാത്ത പെണ്‍കുട്ടിയുടെ മൃതദേഹം വനത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവര്‍ ആശുപത്രിയിലാണ്.