പാലിന്‍റെ സംഭരണവില 2 രൂപ കൂട്ടി മില്‍മ മലബാര്‍ യൂണിയന്‍

ജൂൺ ഒന്ന് മുതല്‍ മൂന്ന് മാസത്തേക്ക് മില്‍മയുടെ മലബാര്‍ റീജിയണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന്‍ (എംആര്‍സിഎംപിയു) ക്ഷീര കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ നിരക്കില്‍ അധിക പാല്‍ വില പ്രഖ്യാപിച്ചു.
പ്രാഥമിക ക്ഷീര സംഘങ്ങള്‍ക്ക് പാല്‍ സംഭരണ വര്‍ദ്ധനവിന് അവസരമൊരുക്കുന്നതിനും ക്ഷീര കര്‍ഷകരുടെ വര്‍ധിച്ചു വരുന്ന പാലുത്പാദന ചെലവും കണക്കിലെടുത്താണ് അധിക പാല്‍ വിലയും കാലിത്തീറ്റ സബ്സിഡി പ്രഖ്യാപിച്ചത്. മലബാര്‍ യൂണിയന്‍റെ ഭാഗമായ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസറഗോഡ് ജില്ലകളിലെ ഒരു ലക്ഷത്തില്‍ പരം ക്ഷീര കര്‍ഷകര്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും.
മലബാര്‍ മേഖലയിലെ 1200 ഓളം വരുന്ന പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സംഘങ്ങളുടെ ഭാഗമാണ് ഈ ക്ഷീര കര്‍ഷകര്‍. ഇന്നലെ കൂടിയ എംആര്‍സിഎംപിയു ഭരണസമിതി യോഗത്തിലാണ് ആനുകൂല്യം നല്കാന്‍ തീരുമാനിച്ചത്. നിലവില്‍ ശരാശരി 45.95 രൂപയാണ് ഒരു ലിറ്റര്‍ പാലിന്. ഇന്നു മുതല്‍ ഇത് 47.95 രൂപയായി വര്‍ധിക്കും.
പ്രാഥമിക ക്ഷീര സംഘത്തിന്‍റെ ഓരോ പത്ത് ദിവസത്തേയും പാല്‍ വിലയോടൊപ്പം ഈ തുക ചേര്‍ത്ത് നൽകും. ആഗസ്റ്റ് 31 വരെ അധിക പാല്‍ വിലയായി 12 കോടിയോളം രൂപ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കും. ഏകദേശം 5 കോടി രൂപ കാലിത്തീറ്റ സബ്സിഡി ഇനത്തിലും കര്‍ഷകരിലേക്ക് എത്തും.
1420 രൂപ വിലയുള്ള മില്‍മ ഗോമതി ഗോള്‍ഡ് കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് 250 രൂപ വീതം സബ്സിഡി നൽകും. മില്‍മ മലബാര്‍ റീജിയണല്‍ യൂണിയന്‍റെ കീഴിലുള്ള ട്രസ്റ്റിന്‍റെ ടി എം ആര്‍ കാലിത്തീറ്റ 50 കിലോ ചാക്ക് ഒന്നിന് 50 രൂപ വീതമാണ് സബ്സിഡി നൽകുക.