ക്രിക്കറ്റ് ടീം പരിശീലകൻ പോസ്റ്റിലേക്ക് 3400 വ്യാജ അപേക്ഷകൾ; മോദിയുടേയും അമിത്ഷായുടെ പേരിലും അപേക്ഷകൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ ലഭിച്ച അപേക്ഷകളിൽ 3400 എണ്ണം വ്യാജം. ഇതിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പേരുകളുണ്ട്. രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷകൾ സ്വീകരിക്കുന്നത്. മെയ് 27നാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതി. ഗൂഗിള്‍ ഫോം വഴിയാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബോളിവുഡ് സൂപ്പര്‍ സ്റ്റാറും ഐപിഎല്‍ കിരീട ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന്‍, വീരേന്ദ്ര സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി എന്നിവരുടെ പേരിലും വ്യാജ അപേക്ഷകള്‍ ലഭിച്ചു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിനു ഐപിഎല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കൊല്‍ക്കത്ത മെന്റര്‍ ഗൗതം ഗംഭീറാണ് പരിശീലക സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ഓസ്‌ട്രേലിയന്‍ പരിശീലകരായ ജസ്റ്റിന്‍ ലാംഗര്‍, റിക്കി പോണ്ടിങ് അടക്കമുള്ളവരുടെ പേരുകള്‍ ആദ്യം ഉയർന്നിരുന്നു. എന്നാല്‍ ഇക്കാര്യം ബിസിസിഐ തള്ളിയിരുന്നു.