മജെസ്റ്റിക് മെട്രോ സ്റ്റേഷനിൽ തിരക്കൊഴിവാക്കാൻ പുതിയ ഇടനാഴി

ബെംഗളൂരു: നമ്മ മെട്രോയുടെ ഏറ്റവും തിരക്കേറിയ സ്റ്റേഷനായ മജെസ്റ്റിക് സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോമിനെ 3,4 പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന പുതിയ ഇടനാഴി തുറന്നു. പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിക്കാൻ മതിയായ ഇടനാഴികളില്ലാത്തത് രാവിലേയും വൈകിട്ടും തിരക്ക് വർധിക്കാൻ കാരണമായിരുന്നു. യാത്രക്കാരുടെ നിരന്തര അഭ്യർഥന പരിഗണിച്ചാണ് നടപടി. പർപ്പിൾ ലൈനിൻ്റെ പ്ലാറ്റ്ഫോം രണ്ടിൽ നിന്ന് ഗ്രീൻ ലൈനിൻ്റെ 3-4 പ്ലാറ്റ്ഫോമുകളിലേക്ക് കടക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ഇടനാഴി സജ്ജമാക്കിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബർ മുതൽ വൈറ്റ് ഫീൽഡ് ചല്ലഘട്ട പാത പൂർണതോതിൽ തുറന്നതോടെയാണ് മജെസ്റ്റിക് സ്റ്റേഷനിൽ തിരക്ക് വർധിച്ചത്. ഇൻ്റർ ചേഞ്ച് സ്റ്റേഷൻ കൂടിയായ ഇവിടെ പ്രതിദിനം 13 ലക്ഷത്തോളം യാത്രക്കാർ എത്തുന്നുണ്ട്. ഗ്രീൻ ലൈനിൻ്റെ 3 – 4 പ്ലാറ്റ്ഫോമുകളിലേക്ക് പോകുന്ന യാത്രക്കാർ കടന്നുപോകേണ്ട വഴികളിൽ തിരക്ക് കാരണം പലപ്പോഴും കാത്തുനിൽക്കേണ്ടി വരുന്നുണ്ട്. കൂടുതൽ ഇടനാഴികൾ സജ്ജമാക്കുക വഴി ഇതിന് പരിഹാരം കാണാൻ കഴിയുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. അടുത്ത ഘട്ടത്തിൽ ഗ്രീൻ ലൈനിലെ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് കടക്കാനുള്ള പുതിയ ഇടനാഴി നിർമിക്കാനുള്ള പ്രവർത്തനങ്ങൾ മെട്രോ അധികൃതർ ആരംഭിച്ചിട്ടുണ്ട്.