മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ഇന്ന് നിര്‍ണായക യോഗം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്നാട് ശക്തമായി പ്രതിഷേധം ഉയര്‍ത്തുന്നതിനിടെ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ണായക യോഗം ഇന്ന് ചേരും. നൂറ്റാണ്ടിലേറെ പഴക്കമുള്ള നിലവിലെ പഴയ അണക്കെട്ട് പൊളിച്ചുനീക്കി പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനായി പരിസ്ഥിതി ആഘാത പഠനം നടത്തുന്നതിന്റെ ടേംസ് ഓഫ് റഫറന്‍സ് നിശ്ചയിച്ചു നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ വിലയിരുത്തല്‍ സമിതി (റിവര്‍വാലി ആന്‍ഡ് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്സ്) യോഗം പരിഗണിക്കും. പുതിയ അണക്കെട്ട് സംബന്ധിച്ച് ജനുവരിയില്‍ കേരളം സമര്‍പ്പിച്ച പദ്ധതി പരിസ്ഥിതി മന്ത്രാലയം വിദഗ്ധ വിലയിരുത്തല്‍ സമിതിക്കു വിടുകയായിരുന്നു
പുതിയ അണക്കെട്ടിന് പരിസ്ഥിതി അനുമതി ലഭിക്കാന്‍ പരിസ്ഥിതി ആഘാത പഠനം അനിവാര്യമാണെന്നും ഇതിന് അനുവദിക്കണമെന്നും യോഗത്തില്‍ കേരളം ആവശ്യപ്പെടും. 2014ല്‍ പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നാഷനല്‍ ബോര്‍ഡ് ഓഫ് വൈല്‍ഡ് ലൈഫിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അനുമതി നല്കിയതും ചൂണ്ടിക്കാട്ടും.
പുതിയ അണക്കെട്ട് നിര്‍മിക്കുന്നത് തമിഴ്നാടുമായി ആലോചിച്ച് വേണമെന്നാണ് സുപ്രീം കോടതി ഉത്തരവുള്ളത്. പരിസ്ഥിതി ആഘാത പഠനം നടത്താന്‍ തമിഴ്നാടിന്റെ അനുമതി ആവശ്യമില്ല. പുതിയ അണക്കെട്ട് നിര്‍മിക്കുമ്പോള്‍, സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് തമിഴ്നാടുമായി കൂടിയാലോചിക്കുമെന്നും കേരളം വിദഗ്ധ വിലയിരുത്തല്‍ സമിതിയെ അറിയിക്കും.
നിലവിലെ അണക്കെട്ടിന്റെ അപകടാവസ്ഥയും അതിശക്തമായ മഴയും കാരണം താഴ്ഭാഗത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകളുടെ സുരക്ഷ സംബന്ധിച്ച ഉത്കണ്ഠയും ചൂണ്ടിക്കാട്ടും. അതേസമയം, മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനോട് ശക്തമായ എതിര്‍പ്പാണ് തമിഴ്നാട് സര്‍ക്കാറിനുള്ളത്. പുതിയ അണക്കെട്ട് നിര്‍മാണത്തിന് പഠനം നടത്താന്‍ കേരളത്തിന് അനുമതി നല്‍കരുതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.