കനത്ത മഴയ്ക്ക് സാധ്യത; കർണാടകയിലെ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

ബെംഗളൂരു: വരും ദിവസങ്ങളിൽ ബെംഗളൂരു ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. മെയ് 18 മുതൽ 20 തീരദേശ കർണാടകയിലും, ഉൾപ്രദേശങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ബെംഗളൂരു ഉൾപ്പെടെയുള്ള ജില്ലകളിൽ 115.5-204.5 മില്ലിമീറ്റർ മഴ ലഭിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതോടെ ശനിയാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഐപിഎൽ മത്സരങ്ങളെയും മഴ ബാധിച്ചേക്കും. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – ചെന്നൈ സൂപ്പര്‍ കിംഗ്സ് നിര്‍ണാക മത്സരമാണ് ശനിയാഴ്ച നടക്കുന്നത്.
ഇരുവരുടേയും സീസണിലെ അവസാന മത്സരമാണിത്. ചെന്നൈയുടെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ ജയിച്ചാല്‍ ആര്‍സിബിക്ക് പ്ലേ ഓഫ് ഉറപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാൽ മഴ മത്സരത്തെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
മത്സരം നടക്കേണ്ട ശനി മുതല്‍ തിങ്കള്‍ വരെയാണ് ഓറഞ്ച് അലേര്‍ട്ട്. ശനിയാഴ്ച്ച രാത്രി എട്ട് മണി മുതല്‍ 11 വരെ 75 ശതമാനം മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇടിയോട് കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്. മത്സരം മഴ മുടക്കുകയാണെങ്കില്‍ പോയിന്റ് പങ്കിടേണ്ടിവരും. അങ്ങനെ വന്നാല്‍ 15 പോയിന്റോടെ ചെന്നൈ പ്ലേ ഓഫിന് യോഗ്യത നേടും. ആര്‍സിബിക്ക് 13 പോയിന്റ് മാത്രമെ നേടാന്‍ സാധിക്കൂ.