ഒരിക്കൽ ഒരിടത്ത്
നോവൽ ▪️ ബ്രിജി. കെ. ടി.

അധ്യായം പത്തൊമ്പത്
🔸🔸🔸
ചെയ്യാത്ത കുറ്റത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ വിധിക്കപ്പെട്ട ഗോപൻ, വിഷ്ണുവിനെ എല്ലാം എഴുതി അറിയിക്കാൻ തീരുമാനിച്ചു. ഇല്ലത്തെ പുതിയ സംഭവ വികാസങ്ങളൊന്നും അറിഞ്ഞിട്ടില്ലെങ്കിലും, ഒരിക്കലും പ്രതീക്ഷിക്കാത്തതും അർഹിക്കാത്തതുമായ മേലങ്കിയാണു തന്റെ മേൽ വന്നു വീണിരിക്കുന്നത് എന്നറിഞ്ഞു.
അപവാദത്തിന്റെ വൃത്തികെട്ട ചളി പുരണ്ട ഒരു നനഞ്ഞ കരിമ്പടം.!
അമ്മയും കൂടി മിണ്ടാതായിരിക്ക്ണൂ.
എന്തറിഞ്ഞിട്ടാ അമ്മ ഇങ്ങിനെ …?
എവടെയാ കേറി കളിച്ചേന്ന് വല്ല നിശ്ശം ണ്ടോ നിനക്ക്…വാരസ്യാർ കണ്ണു തുടച്ചു.
ഗോപന്റെ ഉള്ളിൽ ദേഷ്യം തിളച്ചു പൊന്തി.
എന്നെ പ്പറയണതോ പോട്ടെ. ആ കുട്ടിയെ പറ്റി ഇങ്ങനെയൊക്കെ പറയാൻ അമ്മയ്ക്ക് എങ്ങന്യാ കഴിയണേ..
ഹൂം,…ആ കുട്ടി..!! അവരൊക്കെ വല്യ ആൾക്കാരാണ്. നീയ്യോ..? അമ്മ യുടെ ശബ്ദം ഉച്ചത്തിലായി.
ഗുരുത്വ ക്കേട് മുഴുവൻ ഒപ്പിച്ചു വെച്ചിട്ട് ഇ ..ന്നോടാ ദേഷ്യം.?..ഒന്നോണ്ടൊന്നും മത്യായില്ല്യാ…..പഠിച്ചൂല്യാ ലോ.. !
തേവരേ… തമ്പുരാട്ടീടെ മുഖത്തെങ്ങന്യാ നോക്ക്വാ..ഞാനേയ്.?
ന്നാ…നോക്കണ്ടാന്നങ്ങട്… വച്ചോളൂ….! ഹല്ല പിന്നേ.
ഞാനൊരു ഗുരുത്വക്കേടും കാണിച്ചിട്ടില്യാ…! അമ്മേം കൂടി വിശ്വസിക്കില്യാന്ന്വച്ചാൽ കഷ്ടാണേയ്യ്..
ഗോപൻ ആലോചിച്ചു.
ഒരു ജോലി തരപ്പെട്ടിരുന്നെങ്കിൽ എവിടെയെങ്കിലും പോയി രക്ഷപ്പെടാമായിരുന്നു.എത്ര നാളിങ്ങനെ ഒളിച്ചും പതുങ്ങിയും നടക്കും. ഒരു തരത്തിൽ പറഞ്ഞാൽ ..,താനെന്തിനാണു് ഏട്ടൻ തിരുമേനിയെ ഇങ്ങിനെ ഭയപ്പെടുന്നത്…? ഈ നാട്ടിൽ നിയമങ്ങളില്ലേ..?
വേണമെങ്കിൽ ശാസ്ത്രീയമായി തെളിയിക്കാവുന്നതല്ലേ ഉള്ളൂ…
എന്നാൽ ..,ഇങ്ങിനെ പരസ്യമായി ഒരു യുദ്ധത്തിനിറങ്ങി…,മായയെ ആക്ഷേപിക്കാനും മനസ്സ് വരുന്നില്ല.
എപ്പോഴും നുണക്കുഴി വിരിയിച്ച് ചിരിക്കുന്ന മായ ..സംസാരിക്കുമ്പോൾ ,…നിഷ്ക്കളങ്കയായ ഒരു കുട്ടിയുടെ ഭാവമായിരിക്കും.
പക്ഷെ ഒടുവിലൊടുവിൽ…,ചില വ്യത്യാസങ്ങളൊക്കെ കണ്ടിരുന്നു. ഒരു നിഗൂഢത യുണ്ടായിരുന്നു ആ കണ്ണുകളിൽ.
തന്നോട് അടുത്തിടപഴകുകയും ..സംസാരിക്കുകയും ചെയ്യുന്നതൊക്കെ…ആരെയോ കേൾപ്പിക്കാനും, കാണിക്കാനുമുള്ള ബദ്ധപ്പാടായിട്ടായിരുന്നില്ലേ എന്ന് ഇപ്പോൾ തോന്നുന്നുണ്ട്.
കളപ്പുരയിൽ വെച്ചു കണ്ടുമുട്ടുന്നത് തികച്ചും യാദൃശ്ചികമായിരുന്നെങ്കിലും..,
ഒന്നിനുമല്ല…വെറുതെ. ! സംസാരിച്ചിരിക്കുമ്പോൾ കുറെ പുതിയ വീക്ഷണങ്ങൾ ഒക്കെ പങ്കു വെക്കാൻ പറ്റിയ ഒരു ചങ്ങാതിയെ പ്പോലെയായിരുന്നു മായ.
വിചിത്രമായ ചില നിരീക്ഷണങ്ങൾ കേൾക്കാനും നല്ല രസമാണു്.
നെല്ലു കുത്തുന്ന ത് നോക്കി വിസ്മയിക്കുന്ന മായ. !
ഒരേ ഉരലിൽ രണ്ടോ മൂന്നോ ഉലയ്ക്കകൾ മാറി മാറി വീഴുന്നതു നോക്കിയിരിക്കുന്ന മായക്ക്, നെല്ലു കുത്തുന്ന പെണ്ണുങ്ങൾ മന്ത്രവാദിനികകളാണ്.
ഗോപനിതു കണ്ടോ…മൂന്ന് സ്ത്രീകൾക്കും എത്ര കണിശമായ മന:പ്പൊരുത്തം. മൂന്നു ഉലയ്ക്കകളും മാറി മാറി വീഴുമ്പോൾ ,ഓരോ നിമിഷവും ഒഴിവാകുന്ന ഒരു വലിയ ദുരന്തം പോലെ …ഒരു ഉലയ്ക്ക വീഴുമ്പോൾ ഞൊടിയിടയിൽ ഒഴിഞ്ഞു മാറുന്ന മറ്റേ ഉലയ്ക്ക.!!
വാതോരാതെ സംസാരിക്കുകയും ,പാട്ടു പാടുകയും ഒക്കെ ചെയ്യുമ്പോഴും… അവരുടെ ..ശ്രദ്ധ പക്ഷെ..,നെല്ലുകുത്തുന്നതിൽ നിന്നും മാറുന്നില്ല. ഒരു നിമിഷം ഒന്നു പതറിയാൽ കഴിഞ്ഞു. ഉലക്കകൾ കൂട്ടിയിടിക്കും.!ശരിക്കും മന്ത്രവാദിനികളെ പ്പോലെ മാന്ത്രിക ഉലക്കകൾ. ഒരു താളത്തിലിങ്ങനെ…. പൊങ്ങുന്നതു നോക്കിയാൽ വീഴുന്നത് കാണില്ല.
ഗോപൻ തലയിൽ കൈവെച്ചു ചിരിച്ചു.
ഹെന്റെ മായേ…
ഊം…!
മായ കൃതൃമ ഗൗരവം നടിച്ചപ്പോൾ..ഗോപൻ സ്വയം തിരുത്തി.
എന്റെ മായേടത്തീ.. അവർക്കിതിന്റെ സയൻസും,സിദ്ധാന്തവുമൊന്നും അറിഞ്ഞിട്ടല്ല. നിത്യ പരിചയം. അത്ര തന്നെ.!
ഗോപനിതിലൊന്നും വലിയ താത്പര്യമില്ല അല്ലേ.?
എന്തു താല്പ്പര്യം. ഈ ബാലിശമായ സിദ്ധാന്തത്തി ലോ? എങ്ങിനെയെങ്കിലും ഒരു ജോലികിട്ടി ഈ നാട്ടിൽ നിന്നും പോയാൽ മതി.
ഗോപന്റെ ശബ്ദത്തിൽ നിരാശ.!
പട്ടിണികിടക്കുന്നവനു് വയറു നിറയെ ആഹാരം കിട്ടണം. വയറു നിറയുമ്പോൾ മറ്റു സുഖങ്ങളും വേണം. മറ്റു സുഖങ്ങൾ എല്ലാം കിട്ടുമ്പോൾ ..പിന്നെ കുറേ സാഹസികതയും വേണ്ടേ എന്നു കരുതും. ആശകൾക്ക് അവസാനമില്ല.
മായേടത്തിക്കതു പറയാം .
ഗോപനെന്താ എപ്പോഴും ഇങ്ങനെ നിരാശനായിട്ട്.?.. ആ പെണ്ണിന്റെ കഥകളൊക്കെ കഴിഞ്ഞ അദ്ധ്യായങ്ങളല്ലേ.
അതൊന്നുമല്ല. ..ഒരു ജോലി ശരിയാവണില്ല്യാ..ന്ന്വച്ചാ. ഒന്നുകിൽ പണം അല്ലെങ്കിൽ ശുപാർശ.
മായ പെട്ടന്ന് പറഞ്ഞു.
ഗോപനു പറ്റിയ ഒരു പണി പറയട്ടെ.
സിനിമയിൽ ചേർ ന്നോളൂ. എന്തു സുന്ദരനാ ഗോപനെ കാണാൻ.!
മായ എന്തോ അരുതാത്തത് പറഞ്ഞതു പോലെ ഗോപൻ ഒന്നു പതറി ,നെല്ലു കുത്തുന്ന പെണ്ണുങ്ങളെ നോക്കി.
ചേറി മാറ്റുന്ന അരി ..,കുട്ടയിൽ വാരുന്ന പെണ്ണുങ്ങളുടെ അടുത്ത് നിന്നിരുന്ന ഉണ്ണൂലി ഒന്ന് പാളി നോക്കിയതും ശ്രദ്ധിച്ചു.
ഗോപൻ എഴുന്നേറ്റ് പോകാനൊരുങ്ങി.
ഒരു പെണ്ണു ,മുഖത്ത് നോക്കി സുന്ദരനാണെന്ന് പറയുമ്പോൾ ഏതു മനസ്സും ഒന്നിളകും. പക്ഷെ ഗോപന്.. മായ എടുക്കുന്ന സ്വാതന്ത്ര്യത്തിൽ …ഭയമാണ് തോന്നിയത്.
അതിന്…സിനിമയിൽ അഭിനയിക്കാൻ ..എനിക്ക്…, ഭംഗി… ഇത്തിരി കൂടിപ്പോയില്ല്യേ..ന്നാ..!
മായ പൊട്ടിച്ചിരിച്ചു.
ഗന്ധർവ്വന്റെ ഒരു അഹംഭാവം കണ്ടില്ല്യേ.. അതന്യാ …ഒരു ജോലീം കിട്ടാത്തതും..!

പിന്നേയും പല പ്രാവശ്യം ഉച്ചയ്ക്ക് കളപ്പുരയിൽ ചെല്ലുമ്പോൾ മായയെ കണ്ടിരുന്നു.
ഒരിക്കൽ പുളിമരത്തിൽ നിന്നും അച്ചിങ്ങ പ്പുളി വേണമെന്ന് മായ ശഠിച്ചപ്പോൾ ..,അതു പറിച്ചു കൊടുക്കുന്നതിനിടയിൽ…ഗോപന്റെ അമ്മ അന്വേഷിച്ചു വന്നു.
നെന്നെ അതാ…കിട്ടൻ വിളിക്ക്ണൂ. വായന ശാലേലിക്ക് ചെല്ലാൻ.
ശിവ രാത്രിക്ക് ..അരങ്ങേറാൻ ഏതോ നാടകം റിഹേഴ്സലാണു്. അതിനു പാട്ടെഴുതിക്കൊടുത്തിട്ട് ട്യൂൺ ഇട്ട് കഴിഞ്ഞിട്ടില്ല.
ഞാനങ്ങട് പോട്ടെ.
ഗോപൻ പാട്ട് എഴുതൂം ചെയ്യോ.
ഗോപൻ നടന്ന് നീങ്ങുന്നത് നോക്കി മായ ചോദിച്ചു.
അതിനുത്തരം പറഞ്ഞത് ഗോപന്റെ അമ്മ വാരസ്യാർ ആണു്.
പാട്ടെഴുതലും..,പാടലും ഒക്കെ ത്തന്നെ. ഒരു ജോലി കിട്ടീന്ന്വച്ചാൽ മത്യാർന്നു. ഈ തെക്ക് വടക്ക് നടക്കണതിനു ഒരു അറുതി വന്നേനെ.
കുട്ടി ഉച്ചയ്ക്ക് ഒറങ്ങാറില്ല്യേ.. ? വാരസ്യാർ സംസാരം മാറ്റി.`
ഇല്ല്യാ…വല്ലതും വായിക്കും..അല്ലെങ്കിൽ ..ദാ..ഇങ്ങനെ എറങ്ങി നടക്ക്വന്നെ.!
മുമ്പ് …,ആര്യ അന്തർജ്ജനം …ണ്ടാർന്നപ്പോ ..ഉച്ചയ്ക്ക് ..നല്ല രസാ. തിരുവാതിരക്കളീം,ഓണക്കളീം..ഒക്
അതല്ലെങ്കിൽ..പിന്നെ അക്ഷരശ്ളോകോം..ഒക്കെ ആയിട്ട് സമയം പോണതറീല്യാ.
വിശേഷ ദിവസങ്ങളാണെങ്കിൽ പറയൂം വേണ്ട. പാട്ടും ,മേളവും.. ..! അപ്പോ,.. പത്തായ പ്പുരേലു് ഒരു നമ്പൂതിരി താമസിച്ചേർന്നതും വല്യ പാട്ടുകാരനായിരുന്നു.
ഗോപനും പഠിച്ചീർന്നു കൊറേ ക്കാലം.
മായ എല്ലാം കേട്ട് വാർസ്യാർക്കൊപ്പം നടന്നു.
ഇപ്പോ… ആത്തോലിനു തൊണയ്ക്കാരും.. ല്യാണ്ടായി . കാലത്തു മുതൽ മോന്ത്യാവണ വരെ …എന്താ ചെയ്യാ. സമയം പോണ്ടേ.. ല്ല്യേ..?
ന്നാലും….അകത്തമ്മ മാരു്..ങനെ…കളപ്പുരേലും മറ്റും വന്ന് …വാല്യക്കാരോടൊന്നും മിണ്ടാൻ വരാറില്ല്യാ…ട്ട്വൊ.. ചിറ്റ സൂചിപ്പിക്ക്യേണ്ടായി.!
പിന്നേള്ളത് ..ആ ഉണ്ണൂല്യാണു്. വാ തോരാതെ വല്ല നുണയും പറയാൻ.
മായ ഒന്നും മിണ്ടിയില്ല.
രാത്രി മുഴുവൻ ഗോപൻ ആലോചിച്ചു. മായയുടെ പെരുമാറ്റത്തിൽ എന്തോ പന്തികേടുണ്ടെന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.. മായ ഒരിക്കലും ഇത്ര അപലപനീയമായ ഒരു വിഢിത്തരം കാണിക്കില്ല. പറയുന്നത് സത്യമാണെങ്കിൽ തന്നെ ,തന്റെ പേരു പറയാനും വഴിയില്ല.
ഇനിയെങ്ങാൻ ആരെങ്കിലും മായയെ ഉപദ്രവിച്ചതാണെങ്കിലോ.? ആർക്കാണു അതിനു ധൈര്യം.പക്ഷെ അഥവാ ആരെങ്കിലും മായയെ ഉപദ്രവിച്ചെങ്കിൽ അവനെ വെറുതെ വിടില്ലെന്ന് ഗോപൻ ഉറച്ചു.
എങ്കിലും എങ്ങിനെയാണു ഇതൊക്കെ ആരെയെങ്കിലും പറഞ്ഞു മനസ്സിലാക്കുക. ആരും വിശ്വസിക്കില്ല. തന്റെ നിരപരാധിത്വം തെളിയിക്കാൻ മറ്റൊരു മാർഗ്ഗവുമില്ല. എല്ലാം വിഷ്ണുവേട്ടനെ എഴുതി അറിയിക്കുക തന്നെ.!.
ഗോപൻ തകർന്ന ഹൃദയത്തോടെ എഴുതി.
സകല നിഷ്ക്കളങ്കതയും…കഴുവിലേറ്റി
ദീർഘമായ കത്തെഴുതി കവറിലാക്കി വിഷ്ണു പുറത്തിറങ്ങി.
ചെറുമക്കുടികളുടെ വെട്ടു വഴിയിലൂടെ കടന്നാൽ റോഡിലെത്താം. കവലയിൽ നിന്നും ബസ്സ് കിട്ടിയാൽ .,ഇല്ലത്തെ വാല്യക്കാരുടെ കണ്ണിൽ പെടാതെ ടൗണിൽ എത്താം. ആരേയും പേടിച്ചിട്ടല്ല. വെറുതെ നാട്ടുകാരെ അറിയിക്കുന്നതെന്തിന്.
അവിടത്തെ പോസ്റ്റ് ഓഫീസ്സിൽ നിന്നും എയർ മെയിൽ വാങ്ങി പോസ്റ്റ് ചെയ്യുകയും ആവാം.
പക്ഷെ പുറത്തിറങ്ങിയതും..ഒരു ദു:ശ്ശകുനം പോലെ ഉണ്ണൂലി.!
എല്ലാ.., അശുഭവർത്തമാനങ്ങളും വില്ക്കാൻ നടക്കുന്ന ആ കിഴവിയുടെ മുഖം കാണുന്നതു തന്നെ അറപ്പാണു് ഗോപന്.
ഇല്ലത്തേക്ക് ചെല്ലാൻ പറഞ്ഞു …വല്യ തിരുമേനി..!
ഉണ്ണൂലിയുടെ ചിലമ്പിച്ച ശബ്ദം.
മറുപടിക്ക് കാത്തു നില്ക്കാതെ …ഉണ്ണൂലി വരമ്പത്ത് കൂടി അതിവേഗം നടന്നു മറഞ്ഞു.
എന്താ …വല്യ തിരുമേനി എന്നെ മൂക്കിൽ കയ റ്റ്വോ….എന്ന് ചോദിച്ച് കിഴവിയെ ആട്ടിപ്പായിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന് സങ്കടപ്പെട്ടു ഗോപൻ.
തന്നെ …അന്വേഷിച്ച് നടക്കാണെന്നറിഞ്ഞു. തല്ലിക്കാനാവും.
പാസ്സ് പോർട്ടിന്റെ കാര്യത്തിനായി ,മായയെ അന്വേഷിച്ചു ചെന്നപ്പോൾ,.. നായയെ ആട്ടുന്നതു പോലെ ആട്ടിയിറക്കിയതാണ്. വിഷ്ണുവേട്ടനെ ഓർത്താണു് അന്ന് തിരിച്ചടിക്കാതിരുന്നത്.
ഇന്ന് ..അങ്ങിനെ എന്തെങ്കിലും ചെയ്യാനാണു ഉദ്ദേശമെങ്കിൽ ,താൻ വെറുതെ ഇരിക്കില്ല എന്ന് ഗോപൻ ഉറച്ചു. നിയമപരമായി മുന്നോട്ട് പോകാനും തയ്യാറാണെന്ന് പറയാനുറച്ച് ..ഗോപൻ ഇറങ്ങി.
തന്നെ അടിച്ചാൽ.., ആ കൈ ഞാനൊടിയ്ക്കും. ഗോപൻ പല്ലിറുമ്മി.
ഗോപൻ ..സാവധാനം നടന്ന് ..നടവരമ്പ് കടന്ന്,ഇല്ലത്തിന്റെ അടുക്കള പ്പാടത്ത് കൂടി കയറി..,ഇല്ലം ചുറ്റി മുൻ വശത്ത് ചെന്നു ..ഹൃദയം ശക്തിയായി മിടിച്ചു.
ഇന്ന് എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ അടങ്ങിയിരിക്കില്ല ..എന്ന പ്രതിജ്ഞ ഒരോ ഉഛ്വാസത്തിന്റെയും കനം കൂട്ടി.
പക്ഷെ ..,വരാന്തയിലെ ചാരുകസേരയിൽ …തളർന്നു കിടക്കുന്ന തിരുമേനിയെയാണ് ഗോപൻ കണ്ടത്.!
മായയുടെ അഛനുമുണ്ട്.
ഗോപൻ …കയറിവരൂ.
ഗോപനു് ഒന്നും മനസ്സിലായില്ല.
മായയുടെ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ പോയപ്പോൾ ..തന്നെ ഒരു തുല്യനായി കയറ്റിയിരുത്തി സൽ ക്കരിച്ച്.., എന്തെല്ലാം രസങ്ങളാണു് പറഞ്ഞിരുന്നത്. ഏറെ നേരം.
ഗോപനിരിക്കൂ.
വേണ്ട ..,നിന്നോളാം.
എല്ലാം കേട്ടു നിന്ന ഗോപനു വിശ്വസിക്കാനായില്ല.
കഥകൾ കേൾക്കാൻ ഇഷ്ടമുള്ള മായ ..,ഉണ്ണൂലി കൂട്ടിക്കൊണ്ടു പോകുന്ന പ്രേതാത്മാക്കളുടെ ഇല്ലിക്കാട്ടിൽ ,വഴിതെറ്റി അലഞ്ഞു നടക്കുമ്പോൾ,ദുർമന്ത്ര വാദിനി പിടികൂടി …മനസ്സിനെ കീഴ്പ്പെടുത്തി ഒരു മോഹ നിദ്രയിലാഴ്ത്തുന്നു.!
പിന്നെ…,സ്വയം നഷ്ടപ്പെടുന്ന മായയാണു് ഉണരുക.!
മസ്തിഷ്ക്കത്തിൽ വീഴുന്ന കുരുക്കുകൾ അഴിക്കാൻ കഴിയാതെ…, ദിക്ക് കെട്ടലയുന്ന ചിന്തകൾ.
മായ തീർത്തും ഒറ്റപ്പെടുകയായിരുന്നു.!
വിവാഹത്തിനു മുമ്പ് തന്നെ …ഈ ഇല്ലത്തെ ക്കുറിച്ചു കേട്ട, കെട്ടു കഥകളുടേയും അതിനു നിമിത്തമായ സാഹചര്യങ്ങളുടേയും…ഉണ്ണൂലി പറഞ്ഞ കഥകളുടേയും… എല്ലാം,വെട്ട് തുണ്ടുകൾ അതാത് വെട്ടുകളിൽ എടുത്തു വെച്ച് …. പൂർണ്ണമായ ഒരു ചിത്രം മായ വരച്ചെടുത്തു.!
ഗോപന് മായയെ കാണണമെന്നു തോന്നിയെങ്കിലും പറഞ്ഞില്ല .
ഗോപന്റെ ബാല്യവും..വിഷ്ണുവിന്റെ കൂടെ ഈ ഉണ്ണൂലിയുടെ നൂറായിരം കഥകളിലൂടെ ഒറ്റയടി വെച്ചതു തന്നെ. പക്ഷെ ,ആ കഥകളുടെ യൊക്കെ ചളിക്കുണ്ടിൽ…ഇത്രയും ആഴത്തിലിറങ്ങി…കാലു പുതഞ്ഞ് ,കരയ്ക്ക് കയറാനാവാതെ വിഷമിച്ച മായയുടെ മനസ്സ് കാണാൻ തനിക്കും കഴിഞ്ഞില്ലല്ലൊ.!
പലപ്പോഴും ..മായ തന്നോട് ദീർഘനേരം സംസാരിച്ചിരിക്കുമ്പോൾ ,അതിഷ്ടമാണെങ്കിലും ,സാഹചര്യങ്ങളെ ഭയന്ന്.., തിരക്ക് നടിച്ച് ,ഒഴിവാക്കാൻ നോക്കിയിരുന്നു.
അടുക്കള പ്പുറത്തെ വരാന്തയിലെ തിണ്ണയിൽ..,അമ്മയുടെ അടുത്തിരിക്കുന്ന മായയെ ഗോപൻ ഒരു നോക്ക് കണ്ടു. മായ ഗോപനെയും കണ്ടുവെന്നു തോന്നി. ചൈതന്യമറ്റ കണ്ണുകൾ. മായ ഒന്നു നോക്കിയെങ്കിലും പരിചയം കാണിച്ചില്ല.! ഗോപനു സഹിക്കാൻ കഴിഞ്ഞില്ല.
ഗോപൻ പോക്കറ്റിൽ കിടക്കുന്ന കത്ത് തൊട്ടുനോക്കി.
അതിൽ.. വിഷ്ണുവേട്ടന്റെ സന്തോഷത്തിന്റെ അവസാനിക്കുന്ന സ്പന്ദങ്ങളാണു് ..അറം പറ്റുന്ന വാക്കുകളായി കിടക്കുന്നത്.! തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ബദ്ധ പ്പാടിൽ,എന്തൊക്കെയോ എഴുതി.
വാസ്തവത്തിൽ താൻ ആരാധിക്കുന്ന മായയെ , പരിഹാസ്യമായൊരു കഥാപാത്രമായി ചിത്രീകരിച്ചത് താൻ തന്നെ യല്ലെ?
ഗോപൻ കത്ത് കീറിക്കളഞ്ഞു. പകരം എഴുതി.
“..മായേടത്തിക്ക് തീരെ സുഖമില്ല. എന്തു തിരക്കുണ്ടെങ്കിലും വിഷ്ണുവേട്ടൻ വരണം.
വരാതിരിക്കരുത്.!!
🟠