സ്വകാര്യ സ്കൂളുകൾ ആർടിഇ ആക്ടിനു കീഴിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് നിർദേശം

ബെംഗളൂരു: സ്വകാര്യ സ്കൂളുകൾ കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള നിയമത്തിനു കീഴിൽ (ആർടിഇ) രജിസ്റ്റർ ചെയ്യണമെന്ന് നിർദേശവുമായി സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകളും ആർടിഇ നിയമത്തിനനുസൃതമായി പ്രവർത്തിക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി നേരിടേണ്ടി വരണമെന്ന് സർക്കാർ വ്യക്തമാക്കി.
എല്ലാ സിലബസുകളിലെയും എല്ലാ സ്വകാര്യ എയ്ഡഡ്, പ്രൈവറ്റ് അൺ എയ്ഡഡ് സ്‌കൂളുകളും വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുകയും, സ്വയം സാക്ഷ്യപ്പെടുത്തിയ ഫോമിൽ അംഗീകാരത്തിനായി അപേക്ഷിക്കുകയും വേണം. ഓരോ അഞ്ച് വർഷം കൂടുമ്പോഴും സ്കൂളുകൾ അവരുടെ അപേക്ഷകൾ പുതുക്കണമെന്നും സർക്കാർ വ്യക്തമാക്കി.
ഏതെങ്കിലും സ്‌കൂൾ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ അവയുടെ അംഗീകാരം പിൻവലിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കൂടാതെ, ഏതെങ്കിലും സ്‌കൂൾ അംഗീകാരം പുതുക്കാതെ പ്രവർത്തിക്കുന്നത് തുടർന്നാൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാന, കേന്ദ്ര പാഠ്യപദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്‌കൂളുകൾ ആർടിഇയുടെ പരിധിയിൽ വരികയും അക്രഡിറ്റേഷൻ പുതുക്കാതിരിക്കുകയും ചെയ്‌തിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നേരിട്ട് ഉത്തരവാദികളായിരിക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.