തട്ടിക്കൊണ്ടുപോകൽ; എച്ച്. ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ട് എസ്ഐടി

ബെംഗളൂരു: ലൈംഗികാതിക്രമം നേരിട്ട അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ ജെഡിഎസ് എംഎൽഎയും കർണാടക മുൻ മന്ത്രിയുമായ എച്ച്‌ഡി രേവണ്ണയുടെ ജാമ്യം റദ്ദാക്കാൻ ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഇത് സംബന്ധിച്ച് കർണാടക ഹൈക്കോടതിയിൽ എസ്ഐടി ഹർജി സമർപ്പിച്ചു. അപേക്ഷ മെയ് 31ന് കോടതി പരിഗണിക്കും. രേവണ്ണയ്ക്ക് തിങ്കളാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു.
മുമ്പ് മെയ് 16ന് ലൈംഗികാരോപണ കേസിൽ ബെംഗളൂരു 42-ാമത് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി രേവണ്ണയ്ക്ക് ഇടക്കാലാശ്വാസം അനുവദിച്ചിരുന്നു. തട്ടിക്കൊണ്ടുപോകൽ കേസിൽ മെയ് 17 വരെ എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിലാണ് രേവണ്ണയ്ക്ക് സോപാധിക ജാമ്യം അനുവദിച്ചത്. പിന്നീട് ജാമ്യത്തിന്റെ കാലാവധി കോടതി നീട്ടുകയായിരുന്നു. നഗരത്തിലെ കെആർ നഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിൽ മെയ് നാലിനാണ് രേവണ്ണയെ എസ്ഐടി അറസ്റ്റ് ചെയ്തത്.