നടി പവിത്രയുടെ മരണത്തിനു പിന്നാലെ നടൻ ചന്തു ആത്മഹത്യ ചെയ്ത നിലയില്‍

നടിയും സുഹൃത്തുമായ പവിത്ര ജയറാം കാറപകടത്തില്‍ മരിച്ചതിനു പിന്നാലെ തെലുങ്ക് ടെലിവിഷന്‍ താരം ചന്തുവിനെ(ചന്ദ്രകാന്ത്) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മണികൊണ്ടയിലെ വസതിയിലാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പവിത്രയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ചന്തു അസ്വസ്ഥനും വിഷാദാവസ്ഥയിലുമായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറഞ്ഞത്. ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് ചന്തുവിനെ മരിച്ച നിലയില്‍ കണ്ടതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. നർസിങ്ങി പോലീസ് കേസെടുത്തിട്ടുണ്ട്. ചന്തുവും പവിത്രയും തമ്മില്‍ പ്രണയത്തിലാണെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. രണ്ട് പേരും വിവാഹിതരും കുട്ടികളുമുള്ളവരായിരുന്നു. ഈയിടെയാണ് ഇരുവരും വിവാഹമോചിതരായത്. വിവാഹം കഴിക്കാനൊരുങ്ങുന്നതിനിടെയായിരുന്നു പവിത്രയുടെ വിയോഗം.