വിദ്യാർഥികളുടെ സുരക്ഷ ലക്ഷ്യം; സേഫ് റൂട്ട്സ് ടു സ്കൂൾ പദ്ധതിയുമായി സിറ്റി പോലീസ്

ബെംഗളൂരു: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി, സ്കൂൾ വിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്തിയഹ് സേഫ് റൂട്ട്സ് ടു സ്കൂൾ (എസ്ആർടിഎസ്) പദ്ധതി നടപ്പാക്കാനൊരുങ്ങി ബെംഗളൂരു ട്രാഫിക് പോലീസ്. ബിബിഎംപി, ബിഎംടിസി, സ്കൂൾ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ്, സ്കൂൾ മാനേജ്മെൻ്റ് എന്നിവയുമായി സഹകരിച്ചാണ് ട്രാഫിക് പോലീസ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി, സ്കൂൾ പരിസരങ്ങളിലെ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിലാണ് ട്രാഫിക് പോലീസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. അശോക്നഗർ, ശിവാജിനഗർ, ജയനഗർ, ഹെന്നൂർ, ഇന്ദിരാനഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക. വാഹനങ്ങളുടെ വേഗത കുറയ്ക്കുന്നതിനായി തെർമോപ്ലാസ്റ്റിക് മെറ്റീരിയലിൽ നിർമ്മിച്ച സൈൻബോർഡുകളും റംബിൾ സ്ട്രിപ്പുകളും പോലുള്ള ട്രാഫിക് സുഗമമാക്കുന്ന നടപടികളും പദ്ധതിയിൽ ഉൾപെടുത്തുമെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു.
ഓരോ ഡിവിഷനിലും കുറഞ്ഞത് ഒരു സ്കൂൾ സോണെങ്കിലും പദ്ധതിക്കായി ട്രാഫിക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ബജറ്റ് അനുവദിക്കുകയാണെങ്കിൽ കൂടുതൽ പ്രദേശങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താനും സ്കൂൾ സോണുകൾ മികച്ച രീതിയിൽ നിർണ്ണയിക്കാനും ട്രാഫിക് പോലീസ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ട്രാഫിക് പോലീസ് സാധ്യമാകുന്നിടത്തെല്ലാം കൂടുതൽ ഓഫീസർമാരെയും ഹോം ഗാർഡുകളെയും ട്രാഫിക് വാർഡൻമാരെയും വിന്യസിക്കും.
സ്കൂളുകൾക്ക് പുറത്ത് വേഗപരിധി 30 കിലോമീറ്ററായി പരിമിതപ്പെടുത്തും. എന്നാൽ റോഡിൻ്റെ തരം അനുസരിച്ച്, മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 50 കിലോമീറ്റർ വരെ വേഗപരിധിയാകാം. അനുമതി ലഭിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്ന് അനുചേത് വിശദീകരിച്ചു. കർണാടക ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റിൻ്റെ (സിഐഡി) നിലവിലെ മേധാവി എം.എ. സലീമാണ് 2006-ൽ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പുമായി സഹകരിച്ച് പദ്ധതി ആദ്യമായി ആവിഷ്കരിച്ചത്.