ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രണ്ടാഴ്ചക്കിടെ രേഖപ്പെടുത്തിയത് 20,000 നിയമലംഘനങ്ങൾ

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‌വേയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ രേഖപ്പെടുത്തിയത് 20,000 നിയമലംഘനങ്ങളാണെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. പാതയിൽ സ്ഥാപിച്ച എഐ കാമറകളിലാണ് ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയത്. ഹൈവേയിൽ 12 ഭാഗങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ഈ നിയമലംഘനങ്ങളിൽ ഭൂരിഭാഗവും സീറ്റ് ബെൽറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടതാണ്. ഇത്തരം 12,192 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മുൻസീറ്റിൽ സീറ്റുബെൽറ്റ് ധരിക്കാത്തതാണ് എഐ കാമറകൾ ഡിറ്റക്ട് ചെയ്തിരിക്കുന്നത്. അമിതവേഗത്തിൽ വാഹനമോടിച്ച 6,259 സംഭവങ്ങളും കാമറകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ലെയിൻ ലംഘനങ്ങൾ 1,727 എണ്ണമാണ്. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച 103 കേസുകളുമുണ്ട്. സർവ്വീസ് റോഡുകളിലെ നിയമലംഘനങ്ങളും കാമറകൾ രേഖപ്പെടുത്തുകയും പിഴയീടാക്കുകയും ചെയ്യും.
നിയമലംഘനങ്ങൾ നടന്നുകഴിഞ്ഞാൽ ഉടമകൾക്ക് നേരിട്ട് മെസ്സേജ് പോകുന്ന വിധമാണ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. ടോൾ ബുത്തുകളിലും മറ്റുമുള്ള ട്രാഫിക് പോലീസിന് തത്സമയം ട്രാഫിക് ലംഘനങ്ങൾ മോണിറ്റർ ചെയ്യാനും സാധിക്കും. പോലീസുകാരുടെ പക്കലുള്ള ടാബ്‌ലറ്റിൽ വിവരങ്ങളെല്ലാം എത്തും. പിഴ ലഭിച്ച വാഹന ഉടമകൾക്ക് അത് അടയ്ക്കാൻ പ്രയാസമൊന്നുമില്ല. ഓൺലൈനായി പിഴ അടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സിറ്റി പോലീസ് പറഞ്ഞു.