ചാലുക്യ എക്സ്പ്രസിൽ ടിടിഇ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നേരെ ആക്രമണം; ഒരു മരണം

ബെംഗളൂരു: ചാലൂക്യ എക്‌സ്‌പ്രസിൽ ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടി ഉൾപ്പെടെയുള്ള ട്രെയിൻ ജീവനക്കാരെ യാത്രക്കാരൻ ആക്രമിച്ചു. സംഭവത്തിൽ ട്രെയിൻ കാറ്ററിംഗ് അറ്റൻഡർ മരിക്കുകയും, നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
പോണ്ടിച്ചേരി-മുംബൈ ചാലൂക്യ എക്‌സ്പ്രസ് ട്രെയിൻ ധാർവാഡിൽ നിന്ന് ബെലഗാവിയിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മധ്യപ്രദേശിലെ ഝാൻസി സ്വദേശി ദേവഋഷി വർമ്മ (23) ആണ് മരിച്ചത്.
ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ട ടിടിഇയെ പ്രകോപിതനായ യാത്രക്കാരൻ നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിൽ മൂന്ന് യാത്രക്കാർക്കും ടിടിഇ അഷ്‌റഫ് അലിക്കും പരുക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ഉടൻ ബെലഗാവിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ദേവഋഷിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവം നടന്നയുടൻ ട്രെയിൻ നിർത്തിയപ്പോൾ യാത്രക്കാരൻ ഓടിരക്ഷപ്പെട്ടു. ടിടിഇയുടെ പരാതിയിൽ റെയിൽവേ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.