ലൈംഗികാതിക്രമം; അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ

ബെംഗളൂരു: സസ്പെൻഷനിലായ ജെഡിഎസ് എംപി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിലെ അശ്ലീല വീഡിയോകൾ ചോർത്തി പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിൽ. ചേതൻ, ലിതിക് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം തെളിവെടുപ്പിനായി യഥാക്രമം യെലഗുണ്ടയിലെയും ശ്രാവണബലഗോളയിലെയും വസതികളിലേക്ക് കൊണ്ടുപോയതായി പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.
ഏപ്രിൽ 26ന് സംസ്ഥാനത്ത് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ട വോട്ടെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന അശ്ലീല വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പ്രചരിച്ചത്. 2,900-ലധികം വീഡിയോകളുള്ള നിരവധി ഫ്ലാഷ് ഡ്രൈവുകൾ പ്രജ്വൽ രേവണ്ണ തന്നെ റെക്കോർഡ് ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.