രേണുകസ്വാമി കൊലക്കേസ്; ദർശൻ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ സിനിമാതാരം ദർശൻ ഉൾപ്പെടെ നാല് പ്രതികളെ റിമാൻഡ് ചെയ്തു. ദർശൻ, കൂട്ടുപ്രതികളായ വിനയ്, പ്രദോഷ്, ധനരാജ് എന്നിവരെയാണ് ജൂലൈ നാല് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്. കേസിൽ അറസ്റ്റിലായ നടൻ ദർശൻ ജൂൺ 11 മുതൽ പോലീസ് കസ്റ്റഡിയിലായിരുന്നു. ശനിയാഴ്ചയാണ് ദർശൻ ഉൾപ്പെടെയുള്ള പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കിയത്.
ഒന്നാം പ്രതി പവിത്ര ഗൗഡ ഉൾപ്പെടെയുള്ള ബാക്കി 13 പ്രതികളെ രണ്ടുദിവസം മുമ്പ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ ദർശനും സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും ഉൾപ്പെടെ 17 പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.
പവിത്ര ഗൗഡക്കെതിരെ മോശം കമന്റുകളിട്ടതും അശ്ലീല സന്ദേശങ്ങൾ അയച്ചതുമാണ് രേണുകാസ്വാമിയുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. രേണുകാസ്വാമിയെ മർദിച്ച് കൊലപ്പെടുത്തിയ ബെംഗളൂരുവിലെ ഷെഡ്ഡിൽ പവിത്ര ഗൗഡയും എത്തിയിരുന്നതായി പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. പവിത്ര ഗൗഡ യുവാവിനെ ചെരിപ്പ് കൊണ്ട് അടിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. കേസിൽ പ്രധാന തെളിവുകളായ ചെരിപ്പുകളും ദർശന്റെ ഉൾപ്പെടെ വസ്ത്രങ്ങളും പവിത്ര ഗൗഡയുടെ വീട്ടിൽനിന്നാണ് പോലീസ് കണ്ടെടുത്തത്.
TAGS: KARNATAKA| DARSHAN THOOGUDEEPA
SUMMARY: Darshan and four others remanded to judicial custody in renukaswamy murder case