കനത്ത മഴയ്ക്ക് സാധ്യത; തീരദേശ കർണാടകയിൽ ജാഗ്രത നിർദേശം

ബെംഗളൂരു: കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശ കർണാടകയിലെ ജില്ലകളിൽ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി). ജൂൺ 29 വരെ മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും ഐഎംഡി മുന്നറിയിപ്പ് നൽകി.
ദക്ഷിണ കന്നഡ (മുൽക്കി മുതൽ മംഗളൂരു വരെ), ഉഡുപ്പി (ബൈന്ദൂർ മുതൽ കാപ്പു വരെ), ഉത്തര കന്നഡ (മജാലി മുതൽ ഭട്കൽ വരെ) തീരങ്ങളിലും ഉയർന്ന തിരമാലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 29 വരെ 2.9 മീറ്റർ മുതൽ 3. 7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലെ എല്ലാത്തരം ടൂറിസ്റ്റ് സ്പോട്ടുകളിലും നിയന്ത്രണം ഏർപ്പെടുത്തണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ അധികൃതർ മുന്നൊരുക്കങ്ങൾ നടത്തണമെന്നും, വൈദ്യുതി മുടക്കത്തിനും ഗതാഗത തടസ്സത്തിനുമെതിരെ മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ബെംഗളൂരുവിൽ ഈ കാലയളവിൽ മിതമായ മഴയ്ക്കാണ് സാധ്യത. നഗരത്തിൽ ഞായറാഴ്ച താപനില 26.4 ഡിഗ്രി സെൽഷ്യസ് മുതൽ 21.3 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്നും ഐഎംഡി അറിയിച്ചു.
TAGS: KARNATAKA | RAIN UPDATES
SUMMARY: Heavy rains predicted in coastal karnataka