ടി-20 ലോകകപ്പ്; ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് നേർക്കുനേർ

ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇന്നിറങ്ങുന്നു. ഒരുവര്‍ഷവും ഏഴ് മാസവും അഞ്ച് ദിവസവും പഴക്കമുണ്ട് ഇരു ടീമുകളും മുഖാമുഖം കണ്ട അവസാന ട്വന്റി-20ക്ക്. ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില് 2022 നവംബര്‍ 22നായിരുന്നു ആ മത്സരം. കഴിഞ്ഞ ട്വന്റി20 ലോകകപ്പ് രണ്ടാം സെമിയില്‍. അന്ന് രോഹിത് ശര്‍മയെയും കൂട്ടരെയും പത്ത് വിക്കറ്റിന് നിര്‍ദാക്ഷിണ്യം തോല്പ്പിച്ചുകളഞ്ഞ ജോസ് ബട്ട്ലറും സംഘവും ഫൈനലില്‍ കപ്പടിച്ചു.
ഇന്ന് ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ത്യക്കായി വീണ്ടും രോഹിത്തും സംഘവും രണ്ടാം സെമി പോരാട്ടത്തിനിറങ്ങുന്നു. മറുവശത്ത് അതേ ജോസ് ബട്ട്ലര്‍ക്ക് കീഴില്‍ ഇംഗ്ലീഷ് പടയും. സൂപ്പര്‍ എട്ടില്‍ മൂന്ന് കളികളും ജയിച്ച് ഗ്രൂപ്പ് ഒന്നില്‍ നിന്നും ജേതാക്കളായാണ് ഭാരതത്തിന്റെ സെമി പ്രവേശം. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഓസ്ട്രേലിയ ടീമുകളെ തോല്‍പ്പിച്ചു. ആദ്യ റൗണ്ടില്‍ ഗ്രൂപ്പ് എയിലെ നാലില്‍ മൂന്ന് കളിയും ജയിച്ചു. കാനഡയ്ക്കെതിരായ മത്സരം മഴ കാരണം നടന്നില്ല. തോല്‍വി അറിയാതെയാണ് ഇന്ത്യ ലോകകപ്പിന്റെ നോക്കൗട്ട് പോരിനിറങ്ങുന്നത്.
സൂപ്പര്‍ എട്ടില്‍ ജോസ് ബട്ട്ലറുടെ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടു. ആദ്യമത്സരത്തിലെ ഈ തോല്‍വിയോടെ ആതിഥേയരായ വെസ്റ്റിന്‍ഡീസിനെയും അമേരിക്കയെയും മികച്ച റണ്‍നിരക്കില്‍ തോല്‍പ്പിച്ചുകൊണ്ടാണ് അവര്‍ സെമിബെര്‍ത്ത് ഉറപ്പാക്കിയത്. അതിന് മുമ്പ് ഗ്രൂപ്പ് ബിയില്‍ നിന്നും ഒരുവിധത്തിലാണ് ഇംഗ്ലണ്ട് സൂപ്പര്‍ എട്ടില്‍ രണ്ടാം സ്ഥാനക്കാരായി കടന്നുകൂടിയത്. ഒരു കളി മഴ കവര്ന്നെടുത്തപ്പോള് സ്കോട്ട്ലന്ഡുമായി തുല്യപോയിന്റ് നിലയിലായി. അഞ്ച് വീതം പോയിന്റുകളാണ് ഇരുകൂട്ടരും നേടിയത്. റണ്‍നിരക്കിന്റെ ആനുകൂല്യത്തില്‍ ഓസ്ട്രേലിയയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി രണ്ടാം റൗണ്ടില്‍ പ്രവേശിക്കുകയായിരുന്നു.
നിര്‍ണായക സൂപ്പര്‍ എട്ട് മത്സരത്തില്‍ അമേരിക്കയെ പത്ത് വിക്കറ്റിന് തകര്‍ത്തുകൊണ്ടാണ് ഇംഗ്ലണ്ട് സെമി ഉറപ്പാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരായ 24 റണ്‍സ് വിജയത്തോടെയാണ് ഇന്ത്യ സെമിയിലേക്കുള്ള വഴി കൃത്യമാക്കിയത്. ഇംഗ്ലണ്ടും ഇന്ത്യ തമ്മില്‍ ഇതേവരെ 23 ട്വന്റി-20 കളില്‍ ഏറ്റുമുട്ടി. അതില്‍ 12 ജയവും ഇന്ത്യക്കായിരുന്നു.
TAGS: SPORTS | WORLDCUP
SUMMARY: India england to faceoff today in worldcup