ലൈംഗികാതിക്രമ കേസ്; പ്രജ്വൽ രേവണ്ണയ്ക്ക് ജാമ്യം നിഷേധിച്ചു

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ മുൻ എംപി പ്രജ്വൽ രേവണ്ണയുടെ ജാമ്യം കോടതി നിഷേധിച്ചു. കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) പ്രജ്വലിനെ കോടതിയില്‍ ഹാജരാക്കിയത്.
നാല് ദിവസത്തേക്ക് കൂടി പ്രജ്വലിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 10 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. ജർമ്മനിയിലേക്ക് കടന്ന അദ്ദേഹത്തെ കഴിഞ്ഞ മാസം 31 ന് ബെംഗളൂരുവിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായി കഴിഞ്ഞ ദിവസം പ്രജ്വല്‍ രേവണ്ണയെ പൊട്ടൻസി ടെസ്‌റ്റിനും പതിവ് പരിശോധനയ്ക്കും വിധേയനാക്കിയിരുന്നു.
ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിൽ വച്ചായിരുന്നു പരിശോധന. കോടതിയിൽ നിന്നും അനുമതി ലഭിച്ച ശേഷമായിരുന്നു പ്രജ്വല്‍ രേവണ്ണയെ എസ്ഐടി ഉദ്യോഗസ്ഥർ ബൗറിങ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബുധനാഴ്‌ച രാവിലെ 11 മണിയോടെ ആശുപത്രിയില്‍ എത്തിച്ച പ്രജ്വലിനെ വിദഗ്‌ധ സംഘത്തിന്‍റെ നേതൃത്വത്തിലാണ് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കിയത്. പരിശോധനയ്‌ക്ക് പിന്നാലെ സിഐഡി ഓഫിസില്‍ എത്തിച്ച് അന്വേഷണ സംഘം പ്രജ്വലിനെ ചോദ്യം ചെയ്‌തിരുന്നു.
രണ്ട് ദിവസം മുമ്പും പരിശോധനകള്‍ക്കായി പ്രജ്വലിനെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ചില ടെസ്റ്റുകള്‍ക്ക് നിയമപരമായ തടസങ്ങള്‍ നേരിട്ടതിനെ തുടർന്ന് അന്ന് പരിശോധന നിര്‍ത്തിവയ്‌ക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് അന്വേഷണസംഘം വീണ്ടും കോടതിയെ സമീപിച്ചത്.