മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാകും

ബെംഗളൂരു: ബിജെപി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധി വെള്ളിയാഴ്ച ബെംഗളൂരു കോടതിയിൽ ഹാജരാകും. 40 ശതമാനം കമ്മീഷൻ സർക്കാർ എന്ന് മുൻ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബിജെപി കർണാടക സംസ്ഥാന ജനറൽ സെക്രട്ടറിയും എംഎൽസിയുമായ കേശവ് പ്രസാദ് ആണ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ പദ്ധതികൾക്ക് ബിജെപി നേതാക്കൾ 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്ന രാഹുലിന്റെ പരാമർശത്തിനെതിരെയാണ് ഹർജി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർക്കെതിരെയും ബിജെപി നേതാവ് ഹർജി നൽകിയിരുന്നു. ഇരുവരും കഴിഞ്ഞ ശനിയാഴ്ച അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.