നീലേശ്വരം വെടിക്കെട്ട് അപകടം: ക്ഷേത്ര കമ്മിറ്റി ഭാരവാഹികളടക്കം മൂന്നുപേർ അറസ്റ്റിൽ

കാസറഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തിൽ ക്ഷേത്ര ഭാരവാഹികൾ അടക്കം എട്ടുപേർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു . ഇതിൽ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. ഭരതന് റിട്ട. എസ്.ഐയാണ്. എ.വി. ഭാസ്കരന്, തമ്പാന്, ചന്ദ്രന്, ബാബു, ശശി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ബി.എന്‍.എസ് 288 (സ്ഫോടക വസ്തുക്കളുമായി ബന്ധപ്പെട്ട് അശ്രദ്ധമായ പെരുമാറ്റം) 125 (എ), 125 (ബി) (മറ്റുള്ളവരുടെ ജീവനോ വ്യക്തിഗത സുരക്ഷയോ അപകടത്തിലാക്കുന്ന പ്രവൃത്തി), സ്ഫോടകവസ്തു നിയമം (ജീവനോ സ്വത്തിനോ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള സ്ഫോടനം നടത്തുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്ഫോടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 154 പേർക്ക് പരുക്കേറ്റു. ഇതിൽ എട്ടുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവർ കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലെയും മംഗളുരുവിലെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 11.55നായിരുന്നു അപകടം.
ക്ഷേത്ര മതിലിനോട് ചേർന്ന് ആസ്ബറ്റോസ് ഷീറ്ര് പാകിയ കെട്ടിടത്തിൽ അമിട്ടുകൾ അടക്കം ബോക്സുകളിലാക്കി സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് ഒന്നാകെ പൊട്ടിത്തെറിച്ചത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം പുറപ്പാടിനിടെ പടക്കം പൊട്ടിച്ചപ്പോഴുണ്ടായ തീപ്പൊരി കെട്ടിടത്തിലേക്ക് വീണായിരുന്നു അപകടം. വലിയ തീഗോളംപോലെ പടക്കശേഖരം പൊട്ടിത്തെറിച്ചു. കെട്ടിടത്തിനു സമീപം തെയ്യം കാണാൻ നൂറുകണക്കിനുപേർ കൂടി നിന്നിരുന്നു. ഇവർക്കാണ് പരുക്കേറ്റത്. ചിതറിയോടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടും ചിലർക്ക് പരുക്കേറ്റു.
<BR>
SUMMARY : Nileswaram fireworks accident: Three people including temple committee officials arrested