ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം; മുൻ ജീവനക്കാരൻ കസ്റ്റഡിയിൽ

ബെംഗളൂരു: ഇരുചക്ര വാഹന ഷോറൂമിൽ തീപിടുത്തം. ശിവമോഗ എൻടി ജംഗ്ഷൻ റോഡിലെ ശ്രീ കാർത്തിക് മോട്ടോഴ്സിലാണ് സംഭവം. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ഷോറൂമിൻ്റെ ഇൻ്റീരിയർ മുഴുവനായും നശിക്കുകയും ചെയ്തു.
തീ പടർന്നതോടെ നാട്ടുകാർ ഉടൻ ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി തീയണച്ചു. നാശനഷ്ടത്തിൻ്റെ കൃത്യമായ കണക്ക് ഇപ്പോൾ ലഭ്യമല്ലെന്ന് ശിവമോഗ പോലീസ് പറഞ്ഞു. അതേസമയം തീപിടുത്തം നടക്കുന്നതിന് മുമ്പായി ഷോറൂമിലെ മുൻ ജീവനക്കാരൻ ഇവിടെ എത്തിയിരുന്നു. ജോലിയിൽ അനാസ്ഥ കാട്ടിയതിനു കഴിഞ്ഞ മാസം ഇയാളെ പിരിച്ചുവിട്ടിരുന്നു. ഇതിന് പ്രതികാരമായി ഇയാൾ മനപൂർവം സ്ഥാപനത്തിന് തീയിട്ടതാകാമെന്ന് കമ്പനി ഉടമ പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
TAGS: KARNATAKA | FIRE
SUMMARY: Blaze at two-wheeler showroom, former employee detained