പാലക്കാട് രാഹുൽ മാങ്കൂട്ടത്തിന് മിന്നും ജയം; ഭൂരിപക്ഷം 18840

പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് മിന്നും വിജയം. 118840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ഇത് മറികടന്നു. 57912 വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന് 39243 വോട്ടാണ് നേടാൻ സാധിച്ചത്. പി സരിൻ 37046 വോട്ട് നേടി മൂന്നാം സ്ഥാനത്തായി.
പിരായിരി പഞ്ചായത്തിലെ വോട്ടർമാരാണ് രാഹുലിനെ തുണച്ചത്. ഇവിടെ വോട്ട് എണ്ണിയപ്പോൾ രാഹുലിൻറെ ലീഡ് കുത്തനെ ഉയരുകയായിരുന്നു. 6775 വോട്ട് നേടിയ രാഹുൽ ബിജെപി സ്ഥാനാർത്ഥി കൃഷ്ണകുമാറിനെക്കാൾ 4124 വോട്ടുകളുടെ മുൻതൂക്കവും പിരായിരിയിൽ നേടി. ഒൻപതാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 10291 വോട്ട് ലീഡാണ് രാഹുലിനുണ്ടായിരുന്നത്.
അഞ്ചും ആറും റൗണ്ട് എണ്ണിയപ്പോൾ കൃഷ്ണകുമാറിനായിരുന്നു മേൽക്കൈ. ഏഴാം റൗണ്ട് മുതൽ രാഹുലിന്റെ തേരോട്ടമായിരുന്നു. 12ാം റൗണ്ടിൽ എൽ.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളിലെത്തിയതോടെ പി.സരിൻ ആദ്യമായി മുന്നിലെത്തി. 13, 14 ഉം റൗണ്ടുകളിൽ സരിനായിരുന്നു മുന്നേറ്റമെങ്കിലും റൗണ്ട് 12 എത്തിയപ്പോഴേക്ക് രാഹുൽ വിജയം ഉറപ്പിച്ചിരുന്നു
തുടക്കം മുതൽ അതിശക്തമായ ത്രികോണ മത്സരം എന്ന പ്രതീതിയാണ് പാലക്കാടുണ്ടായത്. രാഷ്ട്രീയ വിവാദ ചുഴികളും പാളയത്തിൽ പടയും എല്ലാമുണ്ടായിരുന്നുവെങ്കിലും ഞെട്ടിക്കുന്ന ഭൂരിപക്ഷമാണ് ഉണ്ടായത്. ഏതാണ്ട് എല്ലാ പഞ്ചായത്തുകളും നഗരസഭയുമെല്ലാം രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം നിന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.