മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ എം ടി വിടവാങ്ങി

കോഴിക്കോട്: മലയാളത്തിന്‍റെ ഇതിഹാസ കഥാകാരൻ എം.ടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കുറച്ചുനാളായി ചികിത്സയിലായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന എം.ടി.യുടെ അന്ത്യം ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു. മരണസമയത്ത് മകള്‍ അശ്വതിയും ഭര്‍ത്താവ് ശ്രീകാന്തും കൊച്ചുമകന്‍ മാധവും സമീപത്തുണ്ടായിരുന്നു.
മൃതദേഹം ഇന്നലെ രാത്രി 11.50 ഓടെ കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു. മൃതദേഹത്തിൽ ഭാര്യ കലാമണ്ഡലം സരസ്വതിയും മകൾ അശ്വതിയും അന്ത്യചുംബനം നൽകി. രാത്രി വൈകിയും പ്രിയപ്പെട്ട എഴുത്തുകാരനെ അവസാനനോക്ക് കാണാൻ ആയിരങ്ങളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്.മന്ത്രി എ കെ ശശീന്ദ്രൻ, ദേശാഭിമാനി റസിഡന്റ് എഡിറ്റർ എം സ്വരാജ്, സി പി ഐ എം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാർ, ആർജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാർ, കോൺഗ്രസ് നേതാക്കളായ പി എം നിയാസ്, കെ സി അബു എന്നിവർ മരണ വിവരമറിഞ്ഞയുടൻ ആശുപത്രിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം നാല് വരെ അന്തിമോപചാരം അര്‍പ്പിച്ച ശേഷം വൈകിട്ട് അഞ്ചുമണിയോടെ കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.
കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, പത്രാധിപർ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ്, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടകപരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠമടക്കമുള്ള പുരസ്കാരങ്ങളുടെ ജേതാവ് എന്നിങ്ങനെ ഇടപെട്ടയിടങ്ങളിലെല്ലാം തന്‍റെ കൈയൊപ്പ് ആഴത്തില്‍ പതിപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു എം ടി വാസുദേവൻ നായർ.
1933 ജൂലൈ 15ന് ടി നാരായണന്‍ നായരുടെയും തെക്കേപ്പാട്ട് അമ്മാളു അമ്മയുടെയും മകനായാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം ടി വാസുദേവന്‍ നായര്‍ ജനിച്ചത്. കോപ്പന്‍ മാസ്റ്ററുടെ കുടിപ്പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മലമക്കാവ് എലിമെൻ്ററി സ്‌ക്കൂളിലും കുമരനെല്ലൂര്‍ ഹൈസ്‌ക്കൂളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പാലക്കാട് വിക്ടോറിയ കോളേജില്‍ രസതന്ത്രം ഐച്ഛിക വിഷയമായെടുത്ത് ബിരുദപഠനം പൂർത്തിയാക്കി. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം സ്‌കൂള്‍ അധ്യാപകനായി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽവെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.
മലയാള സാഹിത്യത്തിനും ചലച്ചിത്ര ലോകത്തിനും മികച്ച സംഭാവനകൾ നൽകിയിട്ടുള്ള എം.ടി, രാജ്യത്തെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ൽ നേടി. 2005ൽ രാജ്യം അദ്ദേഹത്തിന് പദ്‌മഭൂഷൺ ബഹുമതി നൽകി ആദരിച്ചു. മലയാളികളുടെ എന്നും പ്രിയപ്പെട്ട നോവലുകളായ മഞ്ഞ്,നാലുകെട്ട്, അസുരവിത്ത്, കാലം,രണ്ടാമൂഴം, എൻ പി മുഹമ്മദുമായി ചേർന്നെഴുതിയ അറബിപ്പൊന്ന് എന്നിവ ഏറെ ചർച്ചചെയ്യപ്പെട്ടതാണ്. ഇരുട്ടിന്റെ ആത്മാവ്, നിന്റെ ഓർമ്മയ്‌ക്ക്, കുട്ട്യേടത്തി, ഓളവും തീരവും, ഷെർലക്ക്, വാനപ്രസ്ഥം, വേദനയുടെ പൂക്കൾ, രക്തം പുരണ്ട മൺതരികൾ എന്നീ കഥകളും ഏറെ വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്‌തു.
നിർമ്മാല്യം, ഒരു ചെറുപുഞ്ചിരി എന്നിങ്ങനെ സംവിധാനം ചെയ്‌ത ചിത്രങ്ങൾക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരവും സ്വന്തമാക്കി. 1973ൽ പുറത്തിറങ്ങിയ നിർമ്മാല്യമാണ് ആദ്യമായി സംവിധാനം ചെയ്‌തത്. ‘പള്ളിവാളും കാൽച്ചിലമ്പും' എന്ന അദ്ദേഹത്തിന്റെ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് നിർമ്മാല്യം. ഈ ചിത്രത്തിന് ആ വർഷം മികച്ച ചിത്രത്തിനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചു. ചിത്രത്തിലെ വെളിച്ചപ്പാടായി അഭിനയിച്ചതിന് പി.ജെ ആന്റണിയ്‌ക്ക് ഭരത് അവാർഡ് ലഭിച്ചു. മോഹിനിയാട്ടം, ബന്ധനം, ദേവലോകം, വാരിക്കുഴി, മഞ്ജു, കടവ്, ഒരു ചെറുപുഞ്ചിരി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌തു.63ഓളം ചിത്രങ്ങളിൽ തിരക്കഥയെഴുതി. 1965ൽ മുറപ്പെണ്ണിലൂടെയാണ് ചലച്ചിത്ര തിരക്കഥാ രംഗത്ത് അദ്ദേഹം എത്തിയത്. ഈ വർഷം പുറത്തിറങ്ങിയ ടിവി സീരീസ് ആയ മനോരഥങ്ങളാണ് ഒടുവിലത്തേത്.
സാഹിത്യരംഗത്ത് ഭാരതത്തിൽ നൽകപ്പെടുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരമായ ജ്ഞാനപീഠം 1995ലാണ് എം.ടിയെ തേടിയെത്തിയത്. 2004ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് (കാലം), കേരള സാഹിത്യ അക്കാഡമി അവാർഡ് (നാലുകെട്ട്, സ്വർഗം തുറക്കുന്ന സമയം, ഗോപുരനടയിൽ), വയലാർ അവാർഡ് (രണ്ടാമൂഴം), ഓടക്കുഴൽ അവാർഡ് (വാനപ്രസ്ഥം), മാതൃഭൂമി പുരസ്‌കാരം, മുട്ടത്തുവർക്കി അവാർഡ്, പത്മരാജൻ പുരസ്‌കാരം എന്നിങ്ങനെ എണ്ണപ്പെട്ട പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം ആദ്യസംവിധാനം നിർവഹിച്ച ‘നിർമ്മാല്യത്തിന്' 1973ലെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇതിനുപുറമേ 30ലേറെ ദേശീയ, സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു. മലയാളസാഹിത്യത്തിനു നൽകിയ അമൂല്യ സംഭാവനകൾ കണക്കിലെടുത്ത് 1996 ജൂൺ 22ന് കാലിക്കറ്റ് സർവകലാശാല ഓണററി ഡി. ലിറ്റ് (ഡോക്ടർ ഒഫ് ലെറ്റേഴ്സ്) ബിരുദം നല്കി ആദരിച്ചു. 2005ലെ മാതൃഭൂമി പുരസ്‌കാരത്തിനും അർഹനായി.
മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും (1978ൽ ബന്ധനം, 1991ൽ കടവ്, 2009ൽ കേരളവർമ്മ പഴശ്ശിരാജ,) 2011ൽ എഴുത്തച്ഛൻ പുരസ്‌കാരവും ലഭിച്ചു. 2005ൽ കേരള സാഹിത്യ അക്കാഡമിയുടെ വിശിഷ്ടാംഗത്വവും 2013ൽ കേന്ദ്ര സാഹിത്യ അക്കാഡമി ഫെല്ലോഷിപ്പും ലഭിച്ചു.
TAGS : MT VASUDEVAN NAIR
SUMMARY : M T Vasudevan nair passes away



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.