സൗജന്യ ഫോൺ നൽകി സൈബർ തട്ടിപ്പ്; ബെംഗളൂരു ടെക്കിക്ക് 2.8 കോടി രൂപ നഷ്ടമായി

ബെംഗളൂരു: സൗജന്യ ഫോൺ നൽകിയുള്ള സൈബർ തട്ടിപ്പിൽ ബെംഗളൂരു ടെക്കിക്ക് നഷ്ടമായത് 2.8 കോടി രൂപ. ബാങ്ക് അധികൃതരെന്ന വ്യാജേന യുവാവിനെ സമീപിച്ച് സൗജന്യ മൊബൈല്‍ ഫോണ്‍ സമ്മാനമായി നല്‍കിയാണ് പണം തട്ടിയത്. ഫോൺ നല്കി ബാങ്ക് വിശദാംശങ്ങളെല്ലാം ചോര്‍ത്തിയെടുത്ത ശേഷം ഫോണില്‍ സിം കാര്‍ഡ് ഇടുമ്പോള്‍ എല്ലാ ബാങ്കിങ് വിശദാംശങ്ങളും ഒടിപികളും സംഘത്തിന് ലഭിക്കുന്നതാണ് പുതിയ തട്ടിപ്പ് രീതി.
സ്വകാര്യ ബാങ്ക് പ്രതിനിധിയെന്ന വ്യാജേന എത്തിയ ആള് മൊബൈല്‍ ഫോണ്‍ നൽകി യുവാവിൽ നിന്ന് പണം തട്ടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (വൈറ്റ്ഫീല്‍ഡ്) ശിവകുമാര്‍ ഗുണാരെ പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡ് അപ്രൂവായിട്ടുണ്ടെന്നും ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ ഉള്ളതിനാല്‍ സമ്മാനമുണ്ടെന്നും പറഞ്ഞ് മൊബൈല്‍ ഫോണ്‍ കൈമാറുകയായിരുന്നു. ക്ലോണിങ് സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ഫോണിലേക്ക് സിം കാര്‍ഡ് ഇട്ടതോടെ ബാങ്കില്‍ നിന്നുള്ള സന്ദേശങ്ങളോ ഇമെയിലുകളോ ഈ ഡിവൈസില്‍ ലഭിക്കില്ല. തട്ടിപ്പ് നടന്ന് ഒരാഴ്ചയ്ക്ക് ശേഷമാണ് അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ട വിവരം പരാതിക്കാരന് അറിയുന്നത്. തുടർന്ന് ബെംഗളൂരു സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു.
TAGS: BENGALURU | CYBER CRIME
SUMMARY: Bengaluru techie looses crores to cyber fraudsters