ഒമ്പത് മണിക്കൂറോളം തുടർച്ചയായി മൂടൽമഞ്ഞ്; ഡൽഹിയിൽ താളം തെറ്റി വിമാനസർവീസുകൾ

ന്യൂഡൽഹി: ഒമ്പത് മണിക്കൂറോളം തുടർച്ചയായി മൂടൽമഞ്ഞ് മൂലം കാഴ്ച മങ്ങിയതോടെ ഡൽഹിയിൽ വിമാന സർവ്വീസുകൾ താളം തെറ്റി. 400 ലധികം സർവ്വീസുകളാണ് വൈകിയത്. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചിലത് സർവ്വീസ് റദ്ദാക്കിയതായും റിപ്പോർട്ടുണ്ട്.
അപൂർവ്വമായിട്ടാണ് ഇത്രയും നേരം മൂടൽമഞ്ഞ് മൂടിക്കിടക്കുന്നത്. വഴി തിരിച്ചുവിട്ട വിമാനങ്ങളിൽ 13 സർവ്വീസുകൾ ആഭ്യന്തര റൂട്ടുകളിൽ നിന്നുള്ളതാണ്. നാല് വിമാനങ്ങൾ അന്താരാഷ്‌ട്ര സർവ്വീസ് നടത്തുന്നവയും. മോശം കാലാവസ്ഥ മൂലം 45 ലധികം സർവ്വീസുകൾ റദ്ദാക്കിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയും നഗരത്തിൽ വലിയ തോതിൽ മൂടൽമഞ്ഞ് ഉണ്ടായിരുന്നു.
റെയിൽവേയുടെ സർവ്വീസിനെയും മഞ്ഞ് ബാധിച്ചിട്ടുണ്ട്. 60 ഓളം ട്രെയിനുകൾ വൈകിയാണ് ഓടുന്നതെന്ന് നോർത്തേൺ റെയിൽവേ വ്യക്തമാക്കി. ആറ് മണിക്കൂർ മുതൽ 22 മണിക്കൂർ വരെയാണ് ട്രെയിനുകൾ വൈകുന്നത്. ഡൽഹിയിൽ പരമാവധി ചൂട് 20 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
TAGS: NATIONAL | WEATHER
SUMMARY: Weather in Delhi dips, affects flights