ജാതി വ്യവസ്ഥയെ മനസ്സിലാക്കുന്നതിൽ ഗാന്ധിക്ക് സഹായകരമായത് ഗുരു സന്ദർശനം- പി എൻ ഗോപീകൃഷ്ണൻ

ബെംഗളൂരു: ഗാന്ധി ആദ്യമായിട്ട് ജാതി വിചിന്തനത്തെക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ തുടങ്ങുന്നത് ശിവഗിരിയിൽ നാരായണ ഗുരുവുമായി നടത്തിയ സംഭാഷണത്തിനു ശേഷമാണെന്ന് പ്രശസ്ത കവിയും വാഗ്മിയുമായ പി എൻ ഗോപീകൃഷ്ണൻ പറഞ്ഞു. ഗാന്ധിജിയുടെ ഗുരു സന്ദർശനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി സിപിഎസി ഏർപ്പെടുത്തിയ സംവാദത്തിൽ ഗാന്ധിജിയുടെ ഗുരു സന്ദർശനവും മതനിരപേക്ഷ ഇന്ത്യയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ ചരിത്രത്തിന്റെ ഭാഗമായിരുന്നു നമ്മുടെ ഭക്തി പ്രസ്ഥാന കാലത്തെ കവിതകൾ. ജാതിക്കെതിരെ പൊരുതാൻ അവർ സ്പിരിച്വലിറ്റിയാണ് ആയുധമാക്കിയത്. ഗാന്ധിയും ഈ മാർഗമായിരുന്നു ആദ്യം സ്വീകരിച്ചത്. തൊട്ടുകൂടായ്മ പോലുള്ള ശ്രേണീകൃത അംശങ്ങൾ മാറ്റിയാൽ ജാതി ന്യായീകരിക്കത്തക്കതാണെന്നായിരുന്നു ഗാന്ധിയുടെ വീക്ഷണം. 1925 ൽ ഗുരുവുമായും 1931 ൽ പൂന ഉടമ്പടിയുടെ ഭാഗമായി അംബേദ്‌കറുമായും നടത്തിയ സംഭാഷണം ഗാന്ധിജിയിൽ ജാതി വ്യവസ്ഥയുടെ അമാനവികതയെക്കുറിച്ചുള്ള ബോധ്യം ശക്തമാക്കി. ഗാന്ധിജിയും അംബേദ്കറും ഗുരുവും ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യ ഇന്നത്തേക്കാൾ ഇരുണ്ടതാവുമായിരുന്നു.
വിപ്ലവത്തെക്കുറിച്ചുള്ള സാമാന്യ ധാരണയോടെയല്ല ഗാന്ധിജിയെയും ഗുരുവിനെയും വിലയിരുത്തേണ്ടത്. ആധുനീകരണം മാത്രമേ മാറ്റങ്ങൾക്ക് മരുന്നായുള്ളൂ എന്ന് മനസ്സിലാക്കിയ ഗുരു തന്റെതായ മാർഗ്ഗത്തിൽ ഇത് നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. ദൈവദശകം എന്ന ഗുരുവിന്റെ പ്രാർത്ഥനയിൽ ദൈവത്തെ നീ എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആവി വൻ തോണിയും, (ആവിക്കപ്പൽ), സൃഷ്ടിക്കുള്ള സാമഗ്രിയുമൊക്കെ ആധുനികതയുടെ സ്പർശമായി ഈ പ്രാർത്ഥനയിൽ വരുന്നുണ്ട്. മാറ്റങ്ങൾക്ക് വേണ്ടിയുള്ള ആഴമേറിയ സമീപനമായിരുന്നു ഗുരുവും ഗാന്ധിയും സ്വീകരിച്ചത്. ഗുരു ജീവിച്ചിരുന്ന കാലത്ത് ആരും അദ്ദേഹത്തെ എതിർത്തിരുന്നില്ല. സ്മൃതി ബദ്ധമായ ശിക്ഷാവിധികൾ നിലനിന്ന കാലത്താണ് “തന്റെ ശിവനെയോ”, “ഈഴവ ശിവനെയോ” ഗുരു പ്രതിഷ്ടിച്ചത്. മാത്രമല്ല അവിടെ കലയുടെ ഇൻസ്റ്റല്ലേഷൻ എന്ന വിധം ഒരു മതിലിൽ “ജാതി ഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്” എന്ന് കൊത്തിവെക്കുകയും ചെയ്തു. ഇതിന്റെ പേരിൽ രാജാവ് പോലും എതിർപ്പ് പ്രകടിപ്പിച്ചില്ല എങ്കിലും ഉൾ ഭരണകൂടം (Deep State ) ഗുരുവിന്റെ നീക്കങ്ങളെ ശത്രുവിനെ എന്നപോലെ സദാ നിരീക്ഷിച്ചു പോന്നിരുന്നു എന്നതിന് തിരുവിതാംകൂർ പോലീസിന്റെ Archives രേഖകൾ പരിശോധിച്ചാൽ മനസ്സിലാകും. “ഹിന്ദു മതത്തിനെതിരെ കലാപം നടത്താൻ ഗുരു ചേർത്തലയിൽ എത്തിയിരിക്കുന്നു” എന്നിങ്ങനെയുള്ള നിരവധി റിപ്പോർട്ടുകൾ പോലീസ് archives ൽ കാണാം.
ബ്രിട്ടീഷുകാരും ഗുരുവിന് ചില ഇളവുകൾ ചെയ്തു കൊടുത്തതായ് ചരിത്ര രേഖകൾ ഉണ്ട്. എസ് എൻ ഡി പി നേതൃത്വം ഗുരുവിനെതിരെ കേസ് കൊടുത്തപ്പോൾ ഗുരു കോടതിയിൽ ഹാജരാവേണ്ടതില്ല എന്ന നിലപാട് ബ്രിട്ടഷുകാർ സ്വീകരിക്കുകയുണ്ടായി. ബ്രാഹ്മണിസം അതിന്റെ ശത്രുക്കൾ എന്ന് കരുതിയവരെ പിൽക്കാലത്ത് തങ്ങളുടേതാക്കി മാറ്റിയതിന്റെ ഉദാഹരണമാണ് ബുദ്ധൻ. ബുദ്ധനെ ഇപ്പോൾ പത്താമത്തെ അവതാരമായി അവതരിപ്പിക്കുന്നു. അത് പോലെ ഗുരുവിനെയും മറ്റു പലരേയും തങ്ങളുടേതാക്കി വിഗ്രഹവൽക്കരിക്കുന്നു.
ഗുരു വിസ്‌മൃതിയിലായിട്ടില്ല. എന്നാലും ആരാണ് ഗുരു എന്ന ചോദ്യത്തിന് ശരിക്കുള്ള ഉത്തരം ലഭിക്കില്ല. ഗുരുവിനെക്കുറിച്ച് എന്തെങ്കിലും മനസ്സിലാക്കണമെങ്കിൽ പി കെ ബാലകൃഷ്ണൻ എഡിറ്റ് ചെയ്ത പുസ്തകം വായിക്കണം.
തലയ്ക്കു മുകളിൽ ഫാസിസത്തിന്റെ വാൾ തൂങ്ങി നിൽക്കുന്ന കാലമാണിത്. Liberty Fraternity, equality (സ്വാതന്ത്ര്യം, സാഹോദര്യം, സമത്വം) എന്നീ മൂല്യങ്ങളെക്കുറിച്ച് ഓരോ വ്യക്തിയും നിരന്തരം പറഞ്ഞു കൊണ്ടിരിക്കണം. ബ്രാഹ്മണിസത്തിന്റെ മഹത്വത്തെക്കുറിച്ച് ദളിതനെക്കൊണ്ട് അഭിമാനപൂർവ്വം പറയിക്കാൻ കഴിയുന്നു എന്നതാണ് ഫാസിസത്തിന്റെ വിജയം. ജാതി ശ്രേണിയിൽ ശൂദ്രരുടെ സ്ഥാനത്തുള്ള നായർ സമുദായത്തിലുള്ളവരും, തങ്ങളുടെ മേൽ അധീശത്വം പുലർത്തുന്ന ബ്രാഹ്മണിസത്തിന്റെ വക്താക്കളാകുന്നു. ഇത് സവർക്കറിസത്തിന്റെ വിജയമാണ്.
ഇതിനെതിരെ സമൂഹത്തെ പുതുക്കിപണിയാനുള്ള പ്രയത്നങ്ങളിൽ എല്ലാവരും പങ്കെടുക്കണം. ഗാന്ധി, അംബേദ്കർ, അയ്യങ്കാളി, നെഹ്‌റു, ലോഹ്യ തുടങ്ങിയ വ്യക്തികളുടെ ആശയങ്ങളൊക്കെ ഈ സമരത്തിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ഗോപീകൃഷ്‌ണൻ പറഞ്ഞു.
തുടർന്ന് നടന്ന സംവാദം മലയാളം മിഷൻ കർണാടക ചാപ്റ്റർ സെക്രട്ടറി ഹിത വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരായ ടി പി വിനോദ്, കെ ആർ കിഷോർ, സി സഞ്ചിവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡെന്നിസ് പോൾ അധ്യക്ഷത വഹിച്ചു. സി കുഞ്ഞപ്പൻ സ്വാഗതം പറഞ്ഞു.
TAGS : CPAC | P N GOPIKRISHNAN



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.