നന്മ മത്തിക്കരെ സമാഹരിച്ച ഇൻഷുറൻസ്- തിരിച്ചറിയൽ കാർഡിനുള്ള അപേക്ഷകൾ കൈമാറി

ബെംഗളൂരു : നന്മ മത്തിക്കരെ സമാഹരിച്ച പ്രവാസി മലയാളികൾക്കുള്ള ഇൻഷുറൻസ്- തിരിച്ചറിയൽ കാർഡുകൾക്കുള്ള അപേക്ഷ ബെംഗളൂരുവിലെ നോർക്ക ഓഫീസിൽ സമർപ്പിച്ചു. പ്രസിഡന്റ് എസ്. ബിജു, ജനറൽ സെക്രട്ടറി സി.വി. സന്തോഷ്, ജോയിന്റ് സെക്രട്ടറി കെ.പി. സുന്ദരരാജ്, മാനേജിങ് കമ്മിറ്റി അംഗം വി. രമേഷ് കുമാർ എന്നിവർചേർന്ന് അപേക്ഷകൾ നോർക്ക ഓഫീസർ റീസ രഞ്ജിത്തിനുകൈമാറി. 2013 ആഗസ്റ്റ് 15 ന് പ്രവർത്തനം ആരംഭിച്ച് കലാ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന നന്മയിൽ 75 കുടുംബങ്ങൾ അംഗങ്ങളാണ്.
18 മുതൽ 70 വയസ്സുവരെയുള്ള പ്രവാസി മലയാളികൾക്ക് 372 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് അപകട മരണത്തിന് നാലു ലക്ഷം രൂപ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.ഭാഗികമായ അംഗവൈകല്യത്തിന് രണ്ട് ലക്ഷം രൂപവരെയുമാണ് പരിരക്ഷ ലഭിക്കുന്നത്.
നോർക്ക തിരിച്ചറിയൽ കാർഡുള്ളവർക്ക് എളുപ്പത്തിൽ പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാവുന്നതാണ്. കേരളത്തിന് പുറത്തു താമസിക്കുന്നവർ പ്രവാസി ക്ഷേമനിധി അംഗത്തിനുള്ള അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട റസിഡന്റ് സർട്ടിഫിക്കറ്റിനു പകരമായി നോർക്ക റൂട്സ് നൽകുന്ന എൻ ആർ കെ ഇൻഷുറൻസ് കാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സമർപ്പിച്ചാൽ മതിയാകും.
പ്രവാസി മലയാളികൾക്ക് നേരിട്ടോ, www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈനിലൂടെയോ , മലയാളി സംഘടനകൾ മുഖാന്തരമോ ക്ഷേമ പദ്ധതികളിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 080-25585090 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.