ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വർധനവ്

ബെംഗളൂരു: ബെംഗളൂരുവിൽ തേങ്ങയുടെ വിലയിൽ വൻ വർധന. 25 മുതൽ 35 രൂപയ്ക്ക് വിറ്റിരുന്ന തേങ്ങയ്ക്ക് 50 രൂപയാണ് ഇപ്പോൾ വില. ആവശ്യക്കാർ കൂടുന്നതാണ് വില വർധനയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് നാളികേര വ്യാപാരികൾ പറഞ്ഞു. പ്രതികൂല കാലാവസ്ഥ നാളികേര ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. ഇതും വില വർധനയ്ക്ക് കാരണമായിട്ടുണ്ട്.
തുമകുരു, ചിത്രദുർഗ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ബെംഗളൂരുവിലേക്ക് നാളികേരം ഇറക്കുമതി ചെയ്യുന്നത്. ഉത്പാദനത്തിലെ കുറവ് കാരണം കയറ്റുമതിയും സാരമായി ബാധിച്ചിട്ടുണ്ട്. മഴ കൃത്യമായി ലഭിച്ചാൽ ഇതിനു പരിഹാരം ഉണ്ടാകുമെന്ന് വ്യാപാരികൾ പറഞ്ഞു. പാചകം കൂടാതെ, പലരും മതപരമായ ആചാരങ്ങൾക്കും തേങ്ങ ഉപയോഗിക്കുന്നു. ഇതെല്ലാം വില വർധനയ്ക്ക് പ്രധാന കാരണമാണെന്ന് വ്യാപാരികൾ പറഞ്ഞു.