റോഡിൽ കുഴി; പോട്ടറി ടൗണിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു : പോട്ടറി ടൗണിൽ നിർമാണം നടക്കുന്ന മെട്രോ സ്‌റ്റേഷനു സമീപത്തെ റോഡിൽ വന്‍ കുഴി രൂപപ്പെട്ടു. മെട്രോ നിർമാണപ്രവർത്തനങ്ങൾക്ക് കുഴിയെടുക്കുന്നതിനായി താത്കാലികമായി സ്ഥാപിച്ചിരുന്ന ഉപകരണം വീണാണ് റോഡ് തകർന്നത്. നമ്മ മെട്രോ പിങ്ക് ലൈനിന്റെ ഭാഗമായ നിർമാണത്തിലുള്ള ഭൂഗർഭ മെട്രോ സ്റ്റേഷനാണ് പോട്ടറി ടൗൺ മെട്രോ സ്റ്റേഷൻ
സംഭവത്തെത്തുടർന്ന് ഈ ഭാഗങ്ങളിലെ വാഹനഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ബോർ ബാങ്ക് റോഡിൽനിന്ന് ബെൻസൺ ടൗൺ, നന്ദി ദുർഗ റോഡ് ഭാഗങ്ങളിലേക്ക് പോകേണ്ടവർ ഹൈൻസ് റോഡ് ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു.
റോഡ് നന്നാക്കുന്ന ജോലികൾ ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ.) തുടങ്ങിയിട്ടുണ്ടെങ്കിലും, ബോർ ബാങ്ക് റോഡിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കുറഞ്ഞത് 30 ദിവസമെങ്കിലും എടുക്കുമെന്ന് അധികൃതർ പറഞ്ഞു.