എസ്. എം. കൃഷ്ണയെ ഐസിയുവിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്. എം. കൃഷ്ണയെ ഐസിയുവിൽ പ്രവേശിപ്പിച്ചു. 92കാരനായ കൃഷ്ണയെ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കാരണം ഏപ്രിൽ 29നു മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം വരെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നുവെങ്കിലും, ശനിയാഴ്ച വൈകീട്ടോടെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോ. സത്യനാരായണ മൈസൂരു, ഡോ സുനിൽ കാരന്ത് എന്നിവരടങ്ങുന്ന മെഡിക്കല്‍ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്.
മഹാരാഷ്ട്ര ഗവർണറായും കർണാടക നിയമസഭാ സ്പീക്കറായും കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്. കൃഷ്ണ 1968ൽ മാണ്ഡ്യയെ പ്രതിനിധീകരിച്ചാണ് ആദ്യമായി ലോക്സഭാംഗമായത്. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 1999ൽ കോൺഗ്രസ് കർണാടകയിൽ അധികാരത്തിലേറുകയായിരുന്നു. 2004 വരെ മുഖ്യമന്ത്രിയായി തുടർന്നു. 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി സേവനം അനുഷ്ഠിച്ചു. തുടർന്ന് മൻമോഹൻ സിങ് സർക്കാരിൽ വിദേശകാര്യ മന്ത്രിയായ അദ്ദേഹം 2012 വരെ തുടർന്നു. പിന്നീട് കേന്ദ്ര മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതു മുതൽ സംസ്ഥാന കോൺഗ്രസുമായി പലകാര്യങ്ങളിലും അത്ര പൊരുത്തത്തിലായിരുന്നില്ല എസ്.എം. കൃഷ്ണ. 2017ൽ ബിജെപിയിൽ ചേർന്നു.