സി.ബി.എസ്.ഇ. പരീക്ഷ; മികച്ചനേട്ടവുമായി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ, മൂന്ന് സ്കൂളുകള്‍ക്ക് 100% വിജയം

ബെംഗളൂരു : സി.ബി.എസ്.ഇ. പത്ത്, 12 ക്ലാസ് പരീക്ഷയില്‍ മികച്ചനേട്ടവുമായി ബെംഗളൂരുവിലെ മലയാളി സ്കൂളുകൾ. മേദരഹള്ളി ശ്രീഅയ്യപ്പാ എജ്യുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സി.ബി.എസ്.ഇ. സ്കൂള്‍,. കൈരളി കലാസമിതിയുടെ കീഴിലുള്ള കൈരളീനിലയം സെൻട്രൽ സ്കൂള്‍, കേരളസമാജം ദൂരവാണിനഗർ നടത്തുന്ന ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂള്‍ എന്നിവ നൂറുശതമാനം വിജയം കൊയ്തു.
മേദരഹള്ളി ശ്രീഅയ്യപ്പാ എജ്യുക്കേഷൻ സെന്റർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് സി.ബി.എസ്.ഇ. സ്കൂളിൽ പത്താംക്ലാസ് പരീക്ഷയെഴുതിയ വിദ്യാർഥികളിൽ 50 പേർ ഡിസ്റ്റിങ്ഷനും 70 പേർ ഫസ്റ്റ് ക്ലാസും 30 പേർ സെക്കൻഡ് ക്ലാസും അഞ്ചുപേർ തേഡ് ക്ലാസും നേടി. കെ.എസ്. ദീക്ഷിത 95.8 ശതമാനം മാർക്കോടെ ഒന്നാമതെത്തി. പി. തനുശ്രീ (95.4 ശതമാനം), എസ്. അനുസ്മയ (95.2 ശതമാനം) എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. 12 -ാം ക്ലാസ് പരീക്ഷയെഴുതിയ മൂന്ന് വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും രണ്ടുപേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. സയൻസ് വിഭാഗത്തിൽ സിദ്ധാർഥ് സുനിൽ (88.6 ശതമാനം), പി. ഗോകുൽ കൃഷ്ണ (81.4), കെ. ആതിര (72) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കോമേഴ്‌സിൽ നെബിൻ ബിനോജ് (79.4), അനുഷ്‌ക അവസ്തി (72.4), ഷാൽവിൽ ഷൈലേശ് (71.8) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം സ്വന്തമാക്കി.
കൈരളീ നിലയം സെൻട്രൽ സ്കൂൾ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷയിൽ തുടർച്ചയായ 12-ാം വർഷമാണ് നൂറുശതമാനം വിജയം നേടുന്നത്. ഇത്തവണ 48 വിദ്യാർഥികൾക്ക് ഡിസ്റ്റിങ്ഷനും 28 വിദ്യാർഥികൾക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 97 ശതമാനം മാർക്കോടെ ടി. പദ്മപ്രിയ സ്കൂളിൽ ഒന്നാമതെത്തി. ദീപ്ഷ കൃഷ്ണൻ, ജസ്ലീൻ കൗർ എന്നിവർക്ക് 95.4 ശതമാനം മാർക്കും വി. ലാസ്യ, ബി. ദീക്ഷ എന്നിവർക്ക് 94.2 ശതമാനം മാർക്കും ലഭിച്ചു.
ദൂരവാണിനഗർ ജൂബിലി ഹൈസ്കൂളിൽ പത്താംക്ലാസ് പരീക്ഷയെഴുതിയ 27 പേർക്ക് ഡിസ്റ്റിങ്ഷനും 29 പേർക്ക് ഫസ്റ്റ് ക്ലാസും 15 പേർക്ക് സെക്കൻഡ് ക്ലാസും ലഭിച്ചു. 97.8 ശതമാനം മാർക്ക് നേടിയ പി.എ. റിയ സ്കൂളിൽ ഒന്നാമതെത്തിയത്. അനന്യ രാജേഷ് (97.2), സോഹൻ ഭട്ട് (96.2) എന്നിവർ രണ്ടും മൂന്നും സ്ഥാനംനേടി.