ടിഎൻഎസ്ആർടിസി ബസിടിച്ച് ഒരു മരണം

ബെംഗളൂരു: തമിഴ്നാട് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ടിഎൻഎസ്ആർടിസി) ബസ് സ്കൂട്ടറിലിടിച്ച് ഒരു മരണം. സെൻട്രൽ ബെംഗളൂരുവിലെ ടൗൺ ഹാൾ സർക്കിളിനു സമീപം ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന മാഗഡി റോഡ് നിവാസിയായ നാരായൺ ശ്രീനിവാസ് (37) ആണ് മരിച്ചത്.
ശാന്തിനഗറിലെ ബന്ധുവിൻ്റെ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാക്കി വീട്ടിലേക്ക് പോകുകയായിരുന്നു ശ്രീനിവാസ്. ഈ സമയം എതിർവശത്ത് നിന്നും വന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ശ്രീനിവാസും ഒപ്പമുണ്ടായിരുന്ന മകൾ തൃഷയും റോഡിലേക്ക് തെറിച്ചുവീണു. വഴിയാത്രക്കാർ ഇരുവരെയും വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീനിവാസിന്റെ ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർ നവീൻ കുമാർ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.