രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 ജീവനക്കാർ കുടുങ്ങി

ജയ്പൂർ: രാജസ്ഥാനിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഖനിയിൽ ലിഫ്റ്റ് തകർന്ന് 14 ജീവനക്കാർ കുടുങ്ങി. നീം കാ താനെ ജില്ലയിലെ കോലിഹാൻ ഖനിയിലാണ് സംഭവമുണ്ടായത് ഇവരെ പുറത്തെത്തിക്കുന്നതിന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘത്തിലെ അംഗങ്ങളും ഖേത്രി കോപ്പർ കോർപ്പറേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരുമാണ് കുടുങ്ങിയത്. അപകടത്തിൽ ചില ജീവനക്കാർക്ക് പരുക്കേറ്റുവെന്നും റിപ്പോർട്ടുണ്ട്.
ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആംബുലൻസുകളും മറ്റ് രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തേക്ക് എത്തി. പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഖനിയിൽ പരിശോധനക്കായാണ് ഉദ്യോഗസ്ഥസംഘം എത്തിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടി ഇവർ അപകടത്തിൽപ്പെടുകയായിരുന്നു.