ബസും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ മരിച്ചു

ആന്ധ്രാപ്രദേശിലെ കൊനസീമ ജില്ലയില്‍ അമിതവേഗതയിലെത്തിയ ബസ് ട്രാക്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നൂക്കപ്പള്ളി ശിവ (35), വാസംസെട്ടി സൂര്യ പ്രകാശ് (50), വീരി കട്ലയ്യ (45), ചിലകലപ്പുടി പാണ്ട എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കൊനസീമയിലെ പി ഗന്നവാരം മണ്ഡലത്തിന് കീഴിലുള്ള ഉദിമുടി ഗ്രാമത്തിന് സമീപമാണ് അപകടം സംഭവിച്ചത്. റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ആർടിസി) ബസും തൊഴിലാളികളുമായെത്തിയ ട്രാക്ടറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേർ സംഭവസ്ഥലത്ത് വച്ചും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. പരിക്കേറ്റവർ കോതപേട്ട സർക്കാർ ആശുപത്രിയില്‍ ചികിത്സയിലാണ്.