രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കി; 14 അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കി

പൗരത്വ നിയമ ഭേദഗതി രാജ്യത്ത് നടപ്പിലാക്കി കേന്ദ്രസർക്കാർ. അപേക്ഷകർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പൗരത്വ സർട്ടിഫിക്കേറ്റുകള്‍ നല്‍കാൻ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ പൗരത്വത്തിനായി അപേക്ഷിച്ച 14 പേർക്കാണ് ഇന്ത്യൻ പൗരത്വം നല്‍കിയത്.
സിഎഎക്കെതിരായ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്ര ആഭ്യന്ത്ര സെക്രട്ടറി അജയ് കുമാർ ഭല്ലയാണ് സർട്ടിഫിക്കേറ്റുകള്‍ വിതരണം ചെയ്തത്. പാകിസ്ഥാനില്‍ നിന്നു വന്ന അഭയാർത്ഥികള്‍ക്കാണ് പൗരത്വം നല്‍കിയത്. ചടങ്ങില്‍ മുതിർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നുവെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേർത്തു.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേതന്നേ മാര്‍ച്ച് 11ന് കേന്ദ്ര സർക്കാർ പൗരത്വ ഭേദഗതി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യത്തെ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തില്‍ നടന്നത്. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പലതവണ ആവർത്തിക്കുകയും ചെയ്തിരുന്നു.