ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയം; സമരം അവസാനിപ്പിച്ച് ഡ്രൈവിംഗ് സ്കൂള്‍ ഉടമകള്‍

ഡ്രൈവിങ് സ്കൂള്‍ നടത്തിപ്പുകാരുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ നടത്തിയ ചർച്ച വിജയം. സമരം ചർച്ചയെ തുടർന്നു പിൻവലിച്ചു. ഇരട്ട ക്ലച്ച് സംവിധാനം തുടരും. ഡ്രൈവിങ് ടെസ്റ്റിന് 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കും. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.
ഡ്രൈവിംഗ് പരിഷ്കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടർന്ന് റോഡ് ടെസ്റ്റുമാകും തുടർന്നും നടത്തുക. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ കാമറ സ്ഥാപിക്കണമെന്ന നിർദേശം ഡ്രൈവിങ് സ്കൂളുകാർ അംഗീകരിച്ചു.
പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും.