വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു; നടൻ മാത്യുവിന്റെ മാതാപിതാക്കൾക്കടക്കം പരുക്ക്

കൊച്ചി: യുവനടൻ മാത്യു തോമസിന്റെ കുടുംബം സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞ് ബന്ധു മരിച്ചു. റിട്ടയേഡ് അധ്യാപികയായ മാമല തുരുത്തിയിൽ ബീന ഡാനിയേൽ (61) ആണ് മരിച്ചത്. പരുക്കേറ്റ ബീനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാത്യുവിന്റെ അച്ഛൻ തിരുവാങ്കുളം തുരുത്തിയിൽ ബിജു, അമ്മ സൂസൻ, മരിച്ച ബീനയുടെ ഭർത്താവ് സാജു എന്നിവർ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തിരുവാങ്കുളം ശാസ്താംമുകളിൽ വെച്ച് ദേശീയപാതയിൽ നിർമാണം നടക്കുന്ന കാനയിലേക്ക് ജീപ്പ് മറിയുകയായിരുന്നു. മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു ഇവര്‍. ബിജുവിന്റെ ബന്ധുവാണ് മരിച്ച ബീന. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരുക്കില്ല.