രാഹുൽ ജർമനിയിലേക്ക് കടന്നതായി സൂചന; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും

കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് രാഹുൽ പി. ഗോപാൽ ജർമനിയിലേക്ക് കടന്നതായി സൂചന. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടന്നതായാണ് പോലീസ് കരുതുന്നത്. രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇതേത്തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനാണ് അന്വേഷണം സംഘത്തിന്റെ നീക്കം.
അതേസമയം രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്. രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ മടങ്ങുകയായിരുന്നു.
മേയ് 12നാണ് പെൺകുട്ടിയും ബന്ധുക്കളും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നൽകിയത്. മർദിക്കുകയും മൊബൈൽ ഫോണിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്.