സോളാര്‍ വിഷയം: ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ തള്ളി ജോണ്‍ ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് ഇടപെട്ടാണ് സോളാര്‍ വിഷയത്തിലെ എല്‍ ഡി എഫിന്‍റെ സെക്രട്ടറിയേറ്റ് വളയല്‍ സമരം ഒത്തുതീര്‍പ്പാക്കിയതെന്ന മുതിർന്ന മാധ്യമപ്രവർത്തകൻ ജോണ്‍ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തല്‍ തള്ളി ജോണ്‍ ബ്രിട്ടാസ്. ജോണ്‍ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തല്‍ ഭാവനയുടെ ഭാഗമാണെന്ന് ബ്രിട്ടാസ് വിമര്‍ശിച്ചു.
ചെറിയാന്‍ ഫിലിപ്പിന്‍റെ ഫോണില്‍ നിന്ന് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് തന്നെ വിളിച്ചത്. സര്‍ക്കാര്‍ ഒത്തുതീര്‍പ്പിന് തയാറാണെന്ന് തിരുവഞ്ചൂര്‍ അറിയിക്കുകയായിരുന്നു. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാന്‍ തന്നോട് ആവശ്യപ്പെട്ടു. പിന്നീട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും താന്‍ കണ്ടു.
ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തുമ്പോൾ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പി.കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. ജോണ്‍ മുണ്ടക്കയം പറയുന്നത് തിരുവഞ്ചൂര്‍ തയാറാക്കിയ തിരക്കഥയാകാമെന്നും ബ്രിട്ടാസ് ആരോപിച്ചു.
മലയാള മനോരമയുടെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ജോണ്‍ മുണ്ടക്കയം സമകാലിക മലയാളം വാരികയില്‍ എഴുതുന്ന സോളാര്‍ സമരത്തിന്റെ കഥയിലെ വെളിപ്പെടുത്തലാണ് കേരളത്തില്‍ ചര്‍ച്ചയായത്. വാരികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പിണറായി വിജയന്റെ വിശ്വസ്തനും കൈരളി ചാനല്‍ എംഡിയുമായ ജോണ്‍ ബ്രിട്ടാസ് സമരം അവസാനിപ്പിക്കാനുള്ള വഴികള്‍ തേടി ജോണ്‍ മുണ്ടക്കയത്തെ ഫോണില്‍ വിളിക്കുകയായിരുന്നുവെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു.