സ്വാതി മലിവാളിനെ മര്‍ദ്ദിച്ച സംഭവം; ബൈഭവ് കുമാര്‍ അറസ്റ്റില്‍

കൈയേറ്റം ചെയ്തെന്നെ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡല്‍ഹി വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷയുമായ സ്വാതി മലിവാളിന്റെ പരാതിയില്‍ കെജ്രിവാളിന്റെ പേഴ്സണല്‍ സ്റ്റാഫ് അറസ്റ്റില്‍. മുഖ്യമന്ത്രിയുടെ പിഎ ബിഭവ്കുമാറിനെയാണ് ഡല്‍ഹി പോലീസ് കെജ്രിവാളിന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്‌ച അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍വച്ച് പിഎ ആക്രമിച്ചുവെന്നാണ് മലിവാളിന്റെ പരാതി. സംഭവം വിവാദമായതോടെ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്ത് പോലീസിന്റെ റിപ്പോർട്ട് തേടിയിരുന്നു. ബിഭവ് കുമാറിനെതിരെ നരഹത്യാക്കുറ്റമുള്‍പ്പെടെ ചുമത്തിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. മലിവാളിനെതിരെ ബിഭവ് കുമാറും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്നലെ മലിവാളിനെയും കൂട്ടി കെജ്രിവാളിന്റെ വസതിയിലെത്തിയ ഡല്‍ഹി പോലീസും ഫൊറൻസിക് സംഘവും ക്രൈം സീൻ പുനഃസൃഷ്‌ടിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാൻ നീക്കം തുടങ്ങിയിരിക്കുകയാണ്. ദൃക്‌സാക്ഷികളുടെ മൊഴിയെടുക്കും. തീസ് ഹസാരി കോടതിയില്‍ മലിവാള്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.