ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ രണ്ടാഴ്ചക്കിടെ നിയമലംഘനം നടത്തിയത് 12,000 ഡ്രൈവർമാർ

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്പ്രസ്‍വേയിലെ ഗതാഗത നിയമലംഘനങ്ങൾ കൈയോടെ പിടികൂടി എഐ കാമറകൾ. രണ്ടാഴ്ച മുമ്പ് എക്സ്പ്രസ്‍വേയിൽ സ്ഥാപിച്ച എഐ കാമറകൾ ഇതുവരെ 12,000 നിയമലംഘകരെയാണ് കുടുക്കിയത്. പിഴത്തുക അടക്കമുള്ള വിവരങ്ങൾ വ്യക്തമാക്കുന്ന ചലാൻ നിയമലംഘകരുടെ മൊബൈലിലേക്കാണ് എത്തുക. നിയമലംഘകർക്ക് മുന്നറിയിപ്പുമായി കർണാടക പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ 15 ദിവസത്തിനിടെ 12,192 നിയമലംഘനങ്ങളാണ് പിടികൂടിയതെന്ന് സിറ്റി പോലീസ് അറിയിച്ചു. ബെംഗളൂരു – മൈസൂരു ഹൈവേയിലെ ശക്തമായ എഐ കാമറാ കണ്ണുകളിൽ നിന്ന് ഒരു നിയമലംഘനകർക്കും രക്ഷപ്പെടാനാവില്ലെന്ന് എഡിജിപി അലോക് കുമാർ പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ട്രാഫിക് നിയമങ്ങൾ അവഗണിച്ച ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കാനും അലോക് കുമാർ നിർദേശം നൽകി.